ബംഗളൂരു: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ മുൻ ഡയറക്ടർ ജനറലും പത്മശ്രീ അവാർഡ് ജേതാവുമായ സുബ്ബണ്ണ അയ്യപ്പന്റെ ദുരൂഹമരണം കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ഐ.സി.എ.ആർ മുൻ അംഗം വേണുഗോപാൽ ബദരവാഡ ഞായറാഴ്ച ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല.
ഈ സാഹചര്യങ്ങൾ കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും എഴുതിയ വെവ്വേറെ കത്തുകളിൽ ആവശ്യപ്പെട്ടു. ഐ.സി.എ.ആർ, എ.എസ്.ആർ.ബി (അഗ്രികൾചറൽ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോർഡ്), അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിലെ ആഴത്തിലുള്ള അഴിമതി, ക്രമരഹിതമായ നിയമനങ്ങൾ, അധികാര ദുർവിനിയോഗം എന്നിവയിലെ അസ്വസ്ഥതയും അയ്യപ്പന്റെ മരണവും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ശാസ്ത്ര, കാർഷിക സമൂഹങ്ങൾ ഇപ്പോൾ ആരോപിക്കുന്നതുപോലെ സ്ഥാപനപരമായ പകപോക്കലിന്റെയോ ഭരണപരമായ തകർച്ചയുടെയോ അനന്തരഫലമായിരിക്കാം അയ്യപ്പൻ ജിയുടെ മരണമെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ തലപ്പത്തും അനുബന്ധ സ്ഥാപനങ്ങളിലും ഉന്നതതല നിയമനങ്ങളിൽ ഉൾപ്പെടെ വൻ അഴിമതി നടക്കുന്നതായി നിരന്തരം ആരോപിച്ചതിനെത്തുടർന്ന് ഐ.സി.എ.ആർ ഗവേണിങ് ബോഡി അംഗത്വത്തിൽനിന്ന് പുറത്താക്കിയ ആളാണ് വേണുഗോപാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.