ബംഗളൂരു: എല്ലാ റെയിൽവേ സ്റ്റേഷനുകളിലും എ.ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ സുരക്ഷക്കു പുറമെ, റെയിൽവേയുടെ കൂടി സുരക്ഷ കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയതലത്തിൽ ഡേറ്റ സർവറുമായി കണക്ട് ചെയ്യുന്ന കാമറ സർവർ കുറ്റവാളികളെ കണ്ടെത്താനും സഹായിക്കും.
ഏതെങ്കിലും കേസിലുൾപ്പെട്ടയാൾ റെയിൽവേ സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചാൽ ഇതു സംബന്ധിച്ച വിവരം ഉടൻ കൈമാറുമെന്നതാണ് പ്രത്യേകത. കെ.എസ്.ആർ ബംഗളൂരു (മെജസ്റ്റിക്), യശ്വന്ത്പൂർ, ബംഗളൂരു കന്റോൺമെന്റ് തുടങ്ങി ‘എ’ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ 40 വീതം എ.ഐ അധിഷ്ഠിത നിരീക്ഷണ കാമറകൾ സ്ഥാപിക്കും. നാല് യു.എച്ച്.ഡി കാമറകൾ, മൂന്ന് പി.ടി.എസ് (പാൻ-ടിൽറ്റ്- സൂം) കാമറകൾ, 27 ബുള്ളറ്റ് കാമറകൾ, ആറ് ഡോം കാമറകൾ എന്നിവ വീതമാണ് ഓരോ പ്രധാന സ്റ്റേഷനുകളിലും സ്ഥാപിക്കുക.
റെയിൽവേ സ്റ്റേഷനുകളിലെ എൻട്രി, എക്സിറ്റ് പോയന്റുകളിലും പ്ലാറ്റ്ഫോമിലുമായി യു.എച്ച്.ഡി കാമറകൾ സ്ഥാപിക്കും. പാർക്കിങ് ഏരിയ, നടപ്പാലം, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് പി.ടി.ഇസഡ് കാമറകൾ സ്ഥാപിക്കുക. പ്രവേശന കവാടത്തിലും പ്ലാറ്റ്ഫോമിലുമായി ബുള്ളറ്റ് കാമറകൾ സ്ഥാപിക്കും.
നിരീക്ഷണ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾക്കായി ഓരോ റെയിൽവേ സ്റ്റേഷനിലും 55 ഇഞ്ച് വീതിയുള്ള രണ്ടു വീതം എൽ.സി.ഡി സ്ക്രീനുകളുമൊരുക്കും. ഇവക്ക് ഒരു മാസത്തെ ഡേറ്റ ബാക്ക് അപ് ഉണ്ടാകും. ഇതിനു പുറമെ, നിരീക്ഷണ കാമറകളിലെ ഡേറ്റകൾക്ക് കൺട്രോൾ റൂമിൽനിന്നും സോണൽ ഹെഡ്ക്വാർട്ടേഴ്സിൽനിന്നും മേൽനോട്ടം വഹിക്കും. ഹൈസെക്യൂരിറ്റിയുള്ള ആർ.ഡി.ഐ.എഫ് സർട്ടിഫിക്കറ്റുള്ള സെർവർ സംവിധാനമാണ് പദ്ധതിക്കായി ഉപയോഗിക്കുക.
ബംഗളൂരു നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. വരുന്ന സെപ്റ്റംബറോടെ പദ്ധതി ബംഗളൂരുവിൽ പൂർത്തിയാവുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.