ബംഗളൂരു: രാമനഗര ഐജുരു പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സയ്ദ് തൻവീർ ഹുസൈനെ ബുധനാഴ്ച സസ്പെൻഡ് ചെയ്തു. ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരയാണ് നിയമസഭയിൽ അറിയിച്ചത്. ഈ ആവശ്യം ഉന്നയിച്ച് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പ്രക്ഷോഭത്തിലായിരുന്നു.
ഈ മാസം 13ന് 40 അഭിഭാഷകർക്കെതിരെ കേസ് ചുമത്തിയ എസ്.ഐയുടെ നടപടിയാണ് പ്രതിഷേധത്തിന് വഴിവെച്ചത്.ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകി വിധി പ്രസ്താവിച്ച വാരാണസി ജില്ല ജഡ്ജിയെ ആർ.എസ്.എസ് പാദസേവകൻ എന്ന് വിശേഷിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട രാമനഗർ ജില്ലയിലെ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ സംഭവങ്ങളാണ് അഭിഭാഷകർക്കെതിരെ കേസെടുക്കുന്നതിൽ കലാശിച്ചത്.
രാമനഗർ ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഐജൂർ സ്വദേശി ചാന്ദ് പാഷയെയാണ് മുതിർന്ന അഭിഭാഷകൻ ബി.എം. ശ്രീനിവാസയുടെ പരാതിയെത്തുടർന്ന് അറസ്റ്റ് ചെയ്തിരുന്നത്.
സമൂഹ മാധ്യമങ്ങളിലും ഗ്രൂപ്പുകളിലും പോസ്റ്റ് പ്രചരിച്ചതോടെ ബാർ അസോസിയേഷൻ യോഗം ചേർന്ന് അസോസിയേഷൻ അംഗമായ പാഷക്കെതിരെ പരാതി നൽകാൻ തീരുമാനിക്കുകയും അഡ്വ. ശ്രീനിവാസ പരാതി നൽകുകയുമായിരുന്നു.
തെറ്റായ ആരോപണം ഉന്നയിച്ച് പാഷക്കെതിരെ നടത്തുന്ന നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷന് നിവേദനം സമർപ്പിക്കാൻ ചെന്ന രാമനഗരയിലെ വ്യാപാരി റഫീഖ് ഖാനെയും ഒപ്പമുള്ളവരെയും അഭിഭാഷകർ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവമുണ്ടായി.
ഗ്യാൻവാപിയിലേത് പള്ളിയല്ലെന്ന് അവകാശപ്പെട്ട അഭിഭാഷകർ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുകയും ചെയ്തു. ഈ പരാതിയിലാണ് 40 അഭിഭാഷകരെ പ്രതിചേർത്ത് ഐജൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തൻവീർ ഹുസൈൻ കേസെടുത്തത്.
ബംഗളൂരു: വാരാണസി ജില്ല ജഡ്ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അഡ്വ. ചാന്ദ് പാഷ നേരത്തേയും പ്രകോപനപരമായ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര നിയമസഭയിൽ പറഞ്ഞു.
അത് അദ്ദേഹം ശൈലിയായി തുടരുകയാണ്. പാഷക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷൻ ഓഫിസിൽ വന്നവരെ അക്രമിച്ചു എന്ന പരാതിയിലാണ് അഭിഭാഷകർക്ക് എതിരെ എസ്.ഐ കേസെടുത്തത്. എന്നാൽ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തുവരുകയാണുണ്ടായത്.
ന്യൂഡൽഹി ബാറിലെ ഉൾപ്പെടെ 193 അസോസിയേഷനുകൾ പ്രക്ഷോഭത്തിന് പിന്തുണ നൽകി. രാമനഗര ഡെപ്യൂട്ടി കമീഷണർ ഓഫിസ് കേന്ദ്രീകരിച്ച് നടത്തിവന്ന പ്രക്ഷോഭം ബുധനാഴ്ച വിധാൻ സൗധയിലേക്ക് വ്യാപിപ്പിക്കും എന്ന് അഭിഭാഷക കൂട്ടായ്മ പ്രഖ്യാപിച്ചു.
എസ്.ഐ അഭിഭാഷകർക്ക് എതിരെ തെറ്റായ എഫ്.ഐ.ആർ തയാറാക്കി എന്നാണ് പ്രതിപക്ഷ നേതാവ് ആർ. അശോകയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നിയമസഭയിൽ പറഞ്ഞത്. എസ്.ഐയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് ആയിരക്കണക്കിന് അഭിഭാഷകർ പ്രക്ഷോഭത്തിലാണെന്ന് അവർ സഭയിൽ പറഞ്ഞു -സസ്പെൻഷൻ നടപടിയിലേക്ക് നയിച്ച സാഹചര്യം ആഭ്യന്തരമന്ത്രി വിശദീകരിച്ചു.
ബംഗളൂരു: സമ്മർദങ്ങൾക്ക് വഴങ്ങിയാണ് ഐജൂരു എസ്.ഐ സയ്ദ് തൻവീർ ഹുസൈനെ സസ്പെൻഡ് ചെയ്യേണ്ടിവന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ പറഞ്ഞു.മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ബി.ജെ.പിയും ചേർന്നാണ് അഭിഭാഷകരെ ഇളക്കിവിട്ടതെന്ന് ആരോപിച്ചു.
സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ശൈലിയാണ് ബി.ജെ.പി സ്വീകരിച്ചുപോരുന്നത്. ജെ.ഡി.എസും അതിന്റെ ഭാഗമാകുന്നതാണ് കുമാരസ്വാമിയിലൂടെ പ്രകടമാവുന്നത്. നിയമവാഴ്ച പുലരണം എന്ന നിലപാടിൽ ഊന്നിയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ സഭയിൽ സംസാരിച്ചത്.
പൊലീസ് ഓഫിസർ ന്യൂനപക്ഷ വിഭാഗക്കാരൻ ആയതാണല്ലോ നിങ്ങളുടെ പ്രശ്നം. നിങ്ങൾ എപ്പോഴാണ് ന്യൂനപക്ഷവിരുദ്ധത പ്രകടിപ്പിക്കാത്തത്? അവരോട് നിങ്ങൾക്ക് വെറുപ്പാണ്. ഔദ്യോഗിക തലത്തിൽ അവർ വേണ്ടെന്ന സമീപനം നിങ്ങൾ സ്വീകരിക്കുന്നു-ഡി.കെ.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.