സംഘർഷ മേഖലയിൽ പൊലീസ് കാവൽ നിൽക്കുന്നു
ബംഗളൂരു: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ (എ.എ.പി) പരാജയം ആഘോഷിക്കുന്നതിനിടെ സമൂഹ മാധ്യമങ്ങളിൽ വന്ന മുസ്ലിം അധിക്ഷേപ, പ്രവാചകനിന്ദ പോസ്റ്റിനെച്ചൊല്ലി മൈസൂരുവിൽ സംഘർഷം. വർഗീയ പരാമർശങ്ങൾ നടത്തിയ പോസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൈസൂരു കല്യാൺനഗർ സ്വദേശി പി.സുരേഷിനെയാണ് (32) അറസ്റ്റ് ചെയ്തത്.
രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ എന്നിവരെ പരിഹസിക്കുന്ന പോസ്റ്റിറിനുതാഴെ നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് പ്രചരിച്ചത്. ഇതേത്തുടർന്ന് രാത്രി വൈകി ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആൾക്കൂട്ടം ഉദയഗിരി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘടിച്ചു. അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞു. മുദ്രാവാക്യം വിളിയോടെ കൂടുതൽ ആൾക്കൂട്ടം എത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും നടത്തി പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
ഡെപ്യൂട്ടി പൊലീസ് കമീഷണർ മുത്തു രാജിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സേനയെ മേഖലയിൽ വിന്യസിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും കുറ്റാരോപിതനായ വ്യക്തിക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തതായി ചൊവ്വാഴ്ച ഡി.സി.പി അറിയിച്ചു. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചുവെങ്കിലും പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നീങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.