സംസ്ഥാനത്ത് രാഷ്ട്രപതിയുടെ അംഗീകാരം കാത്ത് 10 ബില്ലുകള്‍

ബംഗളൂരു: സിവിൽ വർക്കുകളിലെ കരാറുകളിൽ മുസ്‍ലിംകൾക്ക് നാല് ശതമാനം സംവരണം നൽകുന്നതിനുള്ള ബില്ലുകൾ ഉൾപ്പെടെ കർണാടക നിയമസഭ പാസാക്കിയ 10ഓളം ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കർണാടക ഗവർണറുടെ അംഗീകാരം കാത്ത് ബില്ലുകളൊന്നും ഇല്ല. സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നതിന് കോടതിക്ക് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് വ്യാഴാഴ്ച സുപ്രീംകോടതി വിധിച്ച പശ്ചാത്തലത്തിൽ രാഷ്ട്രപതിയും ഗവർണറും അംഗീകാരം നല്‍കേണ്ട ബില്ലുകളുടെ എണ്ണം പ്രാധാന്യമർഹിക്കുന്നു.

അതേസമയം, ബില്ലുകള്‍ അനിശ്ചിതമായി ഒപ്പിടാതെ നീട്ടിവെക്കാന്‍ ഗവർണർമാർക്ക് അധികാരമില്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. 2025ലെ കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ്സ് (ഭേദഗതി) ബിൽ, രണ്ട് കോടി രൂപ വരെ വിലവരുന്ന സിവിൽ വർക്കുകളിലെ കരാറുകളുടെ നാല് ശതമാനവും ഒരു കോടി രൂപ വരെയുള്ള ചരക്ക്/സേവന കരാറുകളുടെ നാല് ശതമാനവും മുസ്‍ലിംകൾക്ക് സംവരണം ചെയ്യുന്ന ബില്‍, 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപയിൽ താഴെ മൊത്ത വരുമാനമുള്ള ക്ഷേത്രങ്ങളിൽനിന്ന് അഞ്ച് ശതമാനവും ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽനിന്ന് 10 ശതമാനവും പിരിച്ചെടുക്കാൻ നിർദേശിക്കുന്ന ചാരിറ്റബ്ൾ എൻഡോവ്‌മെന്‍റ് ഭേദഗതി ബിൽ (2024), കർണാടക പബ്ലിക് സർവിസ് കമീഷൻ ബിൽ (2025), കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ ഭേദഗതി ബിൽ, കർണാടക ധാതു അവകാശ നികുതി ബിൽ (2024), കർണാടക രജിസ്ട്രേഷൻ (രണ്ടാം ഭേദഗതി) ബിൽ (2025), ശൈശവ വിവാഹ നിരോധന ഭേദഗതി ബിൽ (2025), കർണാടക ദേവദാസി പുനരധിവാസ ബിൽ (2025), ക്രിമിനൽ നിയമ ഭേദഗതി ഓർഡിനൻസ് ഭേദഗതി ബിൽ (2022), നോട്ടറി ഭേദഗതി ബിൽ (2025) എന്നിവയും രാഷ്ട്രപതിയുടെ അംഗീകാരം കാത്തിരിക്കുകയാണ്. 

Tags:    
News Summary - 10 bills awaiting President's approval in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.