എക്കാലത്തെയും വലിയ കാർബൺ ക്രെഡിറ്റ് ലേലത്തിന് സാക്ഷിയായി ഭാവി നിക്ഷേപ ഉച്ചകോടി

റിയാദ്: എക്കാലത്തെയും ഏറ്റവും വലിയ 'കാർബൺ ക്രെഡിറ്റ്' ലേലത്തിന് വേദിയായി റിയാദിൽ നടന്ന ഭാവി നിക്ഷേപ ഉച്ചകോടി. സൗദി ഫ്യൂച്ചർ ഇനിഷ്യേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ആറാമത് ത്രിദിന ഉച്ചകോടിയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച നിരവധി പ്രഖ്യാപനങ്ങളും ധാരണപത്രങ്ങളുടെ ഒപ്പിടലുമാണ് നടന്നത്. ഒരു നിശ്ചിത അളവിലുള്ള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാനുള്ള അവകാശം വ്യക്തമാക്കുന്ന വാണിജ്യ സർട്ടിഫിക്കറ്റാണ് കാർബൺ ക്രെഡിറ്റ്. വ്യവസായ ആവശ്യാർഥം പരിമിതമായ അളവിൽ കാർബൺ പുറന്തള്ളലിന് അനുമതി നൽകുന്ന ഈ ക്രെഡിറ്റ് സ്വന്തമാക്കാനാണ് കമ്പനികൾ പരിശ്രമിക്കുന്നത്. ഇതിനുള്ള ലേലമാണ് ഉച്ചകോടിയിൽ നടന്നത്.


കാർബൺ വിമുക്ത ഭാവി അന്തരീക്ഷം എന്നതിനെ സംബന്ധിച്ചും സജീവ ചർച്ചകളാണ് നടന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും തദാവുൽ ഗ്രൂപ്പും 'കാർബൺ രഹിത ഭാവി' എന്ന ലക്ഷ്യം ത്വരിതപ്പെടുത്തുന്നതിന് ഉപയുക്തമായ കാർബൺ മാർക്കറ്റിന്റെ ഫലപ്രഖ്യാപനം നടത്തി. 2060-ഓടെ കാർബൺ രഹിത അന്തരീക്ഷം സാക്ഷാത്കരിക്കുക എന്നതാണ് സൗദിയുടെ നയം.


ഉച്ചകോടിയിൽ 15 ദേശീയ, പ്രാദേശിക കമ്പനികൾ എക്കാലത്തെയും വലിയ കാർബൺ ക്രെഡിറ്റ് ലേലത്തിൽ പങ്കാളികളായി. അരാംകോ, ലയാൻ ഫിനാൻസിങ് കമ്പനി, സൗദി മൈനിങ് കമ്പനി എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ക്രെഡിറ്റുകൾ സ്വന്തമാക്കിയത്. ബഹ്‌റൈൻ, ഇറാഖ്, ജോർഡൻ, ഒമാൻ, സുഡാൻ എന്നിവിടങ്ങളിൽ നിക്ഷേപം നടത്താൻ ലക്ഷ്യമിട്ട് അഞ്ച് കമ്പനികൾ പുതുതായി രൂപവത്കരിക്കുമെന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പ്രഖ്യാപിച്ചു. 2400 കോടി യു.എസ് ഡോളർ വരെ ഈ അഞ്ച് കമ്പനികളും നിക്ഷേപം നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.