മെസ്സിക്കൊപ്പമുള്ള ചിത്രമാണോ നിങ്ങൾക്ക് വേണ്ടത്?; വൈറലായി സൗദി പരിശീലകന്‍റെ ഡ്രസ്സിങ് റൂം സംഭാഷണം -വിഡിയോ

ദോഹ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു സൗദി അറേബ്യയോട് കിരീട ഫേവറേറ്റുകളായ അർജന്‍റീന തോൽവി വഴങ്ങിയത്. ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിൽനിന്ന് ഇനിയും ആരാധകർ കരകയറിയിട്ടില്ല.

മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മെസ്സിയും സംഘവും സൗദിയോട് പരാജയപ്പെട്ടത്. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന സൗദി രണ്ടാം പകുതിയിൽ കളംപിടിക്കുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ പ്രതിരോധത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചെങ്കിലും രണ്ടാം പകുതിയിൽ തകർപ്പൻ കളിയാണ് സൗദി പുറത്തെടുത്തത്.

ടീമിന് ആത്മവിശ്വാസം നൽകുന്നതിൽ കോച്ച് ഹെർവേ റെനാഡിന് വലിയ പങ്കുണ്ടായിരുന്നു. ഒന്നാം പകുതിയുടെ ഇടവേ‍ളയിൽ ഡ്രസ്സിങ് റൂമിൽ നിരാശരായിരിക്കുന്ന കളിക്കാരെ പ്രചോദിപ്പിക്കുന്ന പരിശീലകന്‍റെ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മെസ്സിക്കൊപ്പം ഫോട്ടെയെടുക്കാനല്ല നിങ്ങൾ വന്നത് എന്നും പ്രസിങ് ഗെയിം എന്നാൽ കളിക്കാർക്ക് മുന്നിൽ വെറുതെ നിൽക്കലല്ല എന്നും കോച്ച് കളിക്കാരോട് പറയുന്നുണ്ട്.

ചതുരാകൃതിയിലുള്ള മേശക്കു ചുറ്റും നടന്നുകൊണ്ട് റെനാർഡ് നമ്മൾ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് ചോദിക്കുന്നത് വിഡിയോയിൽ കാണാനാകും.

'മെസ്സി, മൈതാനത്തിന്റെ മധ്യത്തിലാണ്, അയാളുടെ കൈയിലാണ് പന്ത്, നിങ്ങൾ പ്രതിരോധ നിരയിൽ തന്നെ നിൽക്കുകയാണ്, നിങ്ങളുടെ ഫോൺ എടുക്കുക, നിങ്ങൾക്ക് വേണമെങ്കിൽ അവനോടൊപ്പം ഒരു ചിത്രമെടുക്കാം! പന്ത് അവന്റെ പക്കലുണ്ട്. അവരുടെ പ്രതിരോധത്തിന് മുന്നിൽ നിങ്ങളാണ് !! അവന് ആരുമില്ല! പ്രസിങ് എന്നാൽ കളിക്കാർക്ക് മുന്നിൽ വെറുതെ നിൽക്കലല്ല.. നമ്മൾ തിരിച്ചു വരുമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ.. അവർ ലാഘവത്തിലാണ് കളിക്കുന്നത്. നോക്കൂ ഇത് ലോകകപ്പാണ്. നിങ്ങൾക്ക് നൽകാനുള്ളതെല്ലാം നൽകൂ' -റെനാഡ് താരങ്ങളോട് ഉയർന്ന ശബ്ദത്തിൽ രോഷത്തോടെ പറഞ്ഞു.

ശ്രദ്ധാപൂർവം താരങ്ങൾ പരിശീലകനെ കേട്ടിരിക്കുന്നതും വിഡിയോയിലുണ്ട്. ഇതിനു ശേഷമായിരുന്നു സൗദിയുടെ ഗംഭീര തിരിച്ചു വരവ്. ശനിയാഴ്ച പോളണ്ടിനെതിരെയാണ് സൗദിയുടെ അടുത്ത മത്സരം.

Tags:    
News Summary - Saudi Arabia manager's half-time team talk went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.