ജിദ്ദ: സൗദിയിൽ ഈ വർഷം പുതുതായി 12,000 ഹോട്ടൽ മുറികൾ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്വീബ് പറഞ്ഞു. റിയാദിൽ നടക്കുന്ന ആറാമത് നിക്ഷേപ ഉച്ചകോടിയോടനുബന്ധിച്ച് 'അൽ അറബിയ' ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ മുറികളുടെ എണ്ണത്തിൽ ആറുശതമാനം വളർച്ചയോടെ കൂടുതൽ മുറികൾ ഉൾപ്പെടുത്താനും പുതിയ ഹോട്ടലുകൾ ആരംഭിക്കാനും ലൈസൻസ് നൽകിക്കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ ഇത്ര എണ്ണം ഹോട്ടൽ മുറികൾ ലഭ്യമാക്കുകയെന്നത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. വിവിധ സീസൺ ആഘോഷങ്ങൾക്കും പരിപാടികൾക്കുമായി എത്തുന്ന ആളുകൾക്ക് മതിയായ താമസസൗകര്യമൊരുക്കാനാണ് ഹോട്ടൽ മുറികളുടെ എണ്ണം വർധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര നഗരങ്ങളെ നോൺ സ്റ്റോപ് വിമാന സർവിസുകളിലൂടെ ബന്ധിപ്പിക്കുന്നതും സൗദി അറേബ്യയിൽ പുതിയ ദേശീയ വിമാനക്കമ്പനി ഉണ്ടാകുന്നതും വളരെ പ്രധാനമാണെന്ന് വ്യോമയാന മേഖലയെക്കുറിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു. സൗദി അറേബ്യ വളരെ വിശാലമാണ്. ബീച്ചുകളിൽ റിസോർട്ടുകളുണ്ട്. മലകളും മരുഭൂമികളുമുണ്ട്. ശൈത്യകാലത്ത് കാലാവസ്ഥ സൗമ്യമാണ്. അതിനാൽ എല്ലാ വിഭാഗങ്ങളെയും ഞങ്ങൾ ലക്ഷ്യമിടുന്നുവെന്ന് 'വിനോദസഞ്ചാര വൈവിധ്യം' എന്ന വിഷയത്തിൽ മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.