കൽപറ്റ: രാജ്യത്ത് കന്നുകാലികളെ അറുക്കുന്നതിനായി വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ നടപടി വയനാട് ജില്ലക്ക് കനത്ത തിരിച്ചടിയാകും. സംസ്ഥാനത്തുതന്നെ ക്ഷീരമേഖലയെ ഏറ്റവുമധികം ആശ്രയിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ജില്ലയിൽ ക്ഷീരകൃഷി ഉപജീവനമായി ആശ്രയിക്കുന്നതിൽ ഏറിയകൂറും സാമ്പത്തികമായി താഴെതട്ടിലുള്ളവരാണ്. പുതിയ ഉത്തരവിലെ സങ്കീർണമായ നിബന്ധനകളും നിയന്ത്രണങ്ങളുമെല്ലാം ജില്ലയുടെ ക്ഷീരമേഖലയിൽ വലിയ തോതിൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. കാർഷികമേഖല കനത്തപ്രതിസന്ധി നേരിടുന്ന വയനാട്ടിൽ ക്ഷീരമേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്. കാലാവസ്ഥവ്യതിയാനത്തെതുടർന്ന് ഉളവായ കാർഷികമേഖലയിലെ വെല്ലുവിളിക്ക് വലിയൊരളവ് പരിഹാരമായി കർഷകർ കണ്ടിരുന്നത് ക്ഷീരമേഖലയെ ആയിരുന്നു. കടുത്ത വരൾച്ചക്കിടയിലും ജില്ലയിൽ പാൽ ഉൽപാദനത്തിൽ വർധനയുണ്ടായത് കൂടുതൽ പേർ ഇൗ രംഗത്തേക്ക് കടന്നുവന്നതിെൻറ തെളിവായിരുന്നു. കുരുമുളക് കൃഷി വ്യാപകമായി നശിക്കുകയും കാപ്പി, ഇഞ്ചി തുടങ്ങിയ വിളകൾക്ക് വില കുറയുകയും ചെയ്തപ്പോൾ കർഷകർക്ക് ആശ്വാസമായത് ക്ഷീരമേഖലയായിരുന്നു. കർഷകആത്മഹത്യ പെരുകിയ നാട്ടിൽ അവയുടെ തോത് കുറക്കുന്ന കാര്യത്തിലും ക്ഷീരകൃഷി മുഖ്യപങ്കുവഹിക്കുന്നുമുണ്ട്. വനമേഖലയിലെ ഒേട്ടറെ കുടുംബങ്ങളാണ് പശുവളർത്തലും പാൽ ഉൽപാദനവും വഴി ഉപജീവനം കണ്ടെത്തുന്നത്. ജില്ലയിലെ ആദിവാസികളിൽ ഗണ്യമായ വിഭാഗം അന്നത്തിനായി ആശ്രയിക്കുന്നതും ക്ഷീരമേഖലയെയാണ്. എന്നാൽ, കന്നുകാലികളെ കശാപ്പിന് വിൽക്കുന്നത് നിരോധിച്ചതോടെ വയനാട്ടിലെ സാധാരണക്കാരടങ്ങുന്ന ക്ഷീരകർഷകർ ആശങ്കയിലാണ്. പാൽ ഉൽപാദനം നിലച്ചതും കാർഷികാവശ്യത്തിന് ഉപയുക്തമല്ലാത്തതും ഗർഭം ധരിക്കാത്തതുമായ പശുക്കളെ എന്തുചെയ്യുമെന്നാണ് കർഷകരുടെ ചോദ്യം. കറവ വറ്റുന്ന പശുക്കളെ ശിഷ്ടകാലം മുഴുവൻ സംരക്ഷിച്ചുനിർത്തേണ്ട ബാധ്യത കാരണം ഇൗ മേഖലയിൽനിന്നുതെന്ന പലരും പിന്മാറാൻ വഴിയൊരുക്കിയേക്കും. കറവ കുറഞ്ഞ ഇനം പശുക്കളെ മാറ്റി കൂടിയ ഇനം പശുക്കളെ വാങ്ങുന്നതടക്കം വയനാട്ടിലെ ക്ഷീരമേഖലയിൽ ഇതുമായി ബന്ധപ്പെട്ട കൈമാറ്റങ്ങൾ ഏറെയാണ്. ഇതിനുതന്നെ ഒരുപാട് നടപടിക്രമങ്ങൾ വേണ്ടിവരുന്ന സാഹചര്യത്തിൽ ആദിവാസികൾ അടക്കമുള്ളവർ ഇൗ േമഖലയിൽനിന്ന് പതിയെ പിന്നാക്കം പോവാനുള്ള സാധ്യതകളാവും വരാനിരിക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.