സുല്‍ത്താന്‍ ബത്തേരി: ഒരു നാടിെൻറ വികസന സ്വപ്നങ്ങൾക്ക് ചൂളംവിളിക്കും മുമ്പ് ‘ചുവപ്പു കൊടി’ കാട്ടി സർക്കാർ. പാളത്തില്‍ കയറിയെന്നു കരുതിയ നഞ്ചന്‍കോട്--ബത്തേരി-നിലമ്പൂര്‍ റെയില്‍പാത ഇല്ലാതാക്കുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാറിെൻറ പ്രവര്‍ത്തനം. ഗതാഗത മേഖലയില്‍ ഏറെ പിന്നാക്കം നില്ക്കുന്ന വയനാട്ടുകാരുടെ സ്വപ്നങ്ങള്‍ക്കാണ് ഇതോടെ ഇരുട്ടടിയായത്. സര്‍ക്കാറിന് താല്പര്യമില്ലാത്തതിനാല് പാതയുടെ നിര്‍മാണം നടത്താമെന്നേറ്റ ഡി.എം.ആര്.സി പദ്ധതിയില്‍നിന്നു പിന്മാറി. ഇതോടെ, നൂറ്റാണ്ടിനുമുമ്പ് പഠനം നടത്തുകയും നിര്‍മിക്കാൻ ഉദ്ദേശിക്കുകയും ചെയ്ത പാത കേരള സര്‍ക്കാര്‍തന്നെ നിര്‍ത്തിവെച്ചു. സംസ്ഥാന സര്‍ക്കാറിെൻറ അപ്രസക്തമായ ന്യായവാദങ്ങള്‍ വയനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. വ്യാഴാഴ്ച യു.ഡി.എഫും എൻ.ഡി.എയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബ്രിട്ടീഷുകാരുടെ കാലത്ത് പഠനം നടത്തി പാത നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചതാണ്. പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷം വന്ന സര്‍ക്കാറുകള്‍ പാത നഷ്ടമായിരിക്കുമെന്ന് കണക്കാക്കി തഴഞ്ഞു. ഒടുവില്‍ ഡോ. ഇ. ശ്രീധരെൻറ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തി പാത ലാഭകരമായി നടപ്പാക്കാനാകുമെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് റെയിൽവേ മന്ത്രാലയം അനുമതി നല്‍കുകയും പിങ്ക് ബുക്കില്‍ ഇടം നേടുകയും ചെയ്തു. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി റെയിൽപാത നിര്‍മിക്കാനുള്ള നടപടി പൂര്‍ത്തിയാക്കുകയും ചെയ്തു. ഡി.പി.ആര് തയാറാക്കുന്നതിനായി എട്ടു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തുകയും ആദ്യ ഗഡുവായി രണ്ടു കോടി കൈമാറിയതായി അറിയിക്കുകയും ചെയ്തു. എന്നാല്‍, ഒരു രൂപ പോലും ഡി.എം.ആര്.സിയുടെ അക്കൗണ്ടിലെത്തിയില്ല. പണം കൈമാറിയെന്ന് ഉത്തരവിറക്കി സംസ്ഥാന ഗതാഗത സെക്രട്ടറി ഡി.എം.ആര്.സിയെയും ജനങ്ങളെയും പറ്റിച്ചു. റെയില്‍പാതക്ക് കര്‍ണാടക വനംവകുപ്പ് അനുമതി നല്‍കാത്തതിനാലാണ് പണം കൈമാറാത്തത് എന്നാണ് സംസ്ഥാന സര്‍ക്കാറിെൻറ പുതിയ വാദം. പാത നിര്‍മാണവുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാറിന് ഒരു തടസ്സവുമില്ലെന്ന് കര്‍ണാടകത്തിലെ ഉന്നതാധികാരികള്‍ ഡി.എം.ആര്.സി പ്രിന്‍സിപ്പല്‍ അൈഡ്വസര്‍ ഡോ. ഇ. ശ്രീധരന് ഉറപ്പു നല്‍കിയതാണ്. ഇതിനിടെയാണ് കര്ണാടകത്തിനില്ലാത്ത പ്രശ്നം ഉയര്‍ത്തിക്കാണിച്ച് കേരള സര്‍ക്കാര്‍ പണം നല്‍കാതിരിക്കുന്നത്. കര്‍ണാടക സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ഡി.എം.ആര്.സിയും അനുകൂല നിലപാട് എടുത്തിട്ടും സംസ്ഥാന സര്‍ക്കാര്‍ പാതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ഗൂഢ നീക്കങ്ങളാണെന്ന് ആരോപണമുണ്ട്. തലശ്ശേരി-മൈസൂര്‍ റെയില്‍പാത നടപ്പാക്കാനുള്ള കണ്ണൂര്‍ ലോബിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പണം നല്‍കാത്തതെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. നഞ്ചന്‍കോട്-ബത്തേരി-നിലമ്പൂര്‍ പാത നടപ്പായില്ലെങ്കില്‍ വയനാടിെൻറ റെയില്‍വേ സ്വപ്നം എന്നെന്നേക്കുമായി അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.