കൽപറ്റ: കനത്ത ചൂടിൽ ഉണങ്ങിനിന്നിരുന്ന വയനാടൻ വനമേഖല വേനൽമഴയിൽ പച്ചപ്പണിയുന്നു. ദിവസങ്ങൾക്ക് മുമ്പുവരെ വേനലിെൻറ കാഠിന്യത്താൽ കുടിവെള്ളവും തീറ്റയും ലഭിക്കാതെ കാടിറങ്ങിയ വന്യജീവികൾക്ക് ആശ്വാസകരമാകുന്ന രീതിയിലാണ് ഇത്തവണ ലഭിച്ച വേനൽ മഴയുടെ തോത്. വന്യജീവികൾക്ക് സമൃദ്ധമായ തീറ്റയും വെള്ളവും ലഭിച്ചതോടെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, തിരുനെല്ലി തുടങ്ങിയ വഴിയോരങ്ങളെല്ലാം ഏതുസമയവും വന്യജീവികളെക്കൊണ്ട് നിറയുകയാണ്. വയനാട്ടിലൂടെ കർണാടക അതിർത്തി ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് രാവിലെയും വൈകീട്ടും എണ്ണമറ്റ കാട്ടാനകളെയും മാനുകളെയും കാണാൻ കഴിയും. മുൻവർഷങ്ങളെ അപേക്ഷിച്ച് കാട്ടുതീ കുറഞ്ഞതും സമൃദ്ധമായി വേനൽമഴ പെയ്തതുമാണ് വയനാടൻ വനം പച്ചപ്പണിയാൻ കാരണമായത്. മുൻകാലങ്ങളിൽ മഴയുടെ കുറവുമൂലം കടുവ, ആന, കാട്ടുപോത്ത്, പന്നി തുടങ്ങിയ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതും കാട്ടുതീയിൽ അകപ്പെട്ട് ചത്തൊടുങ്ങുന്നതും കൂടുതലായിരുന്നു. ജില്ല അതിർത്തിയായ ബന്ദിപ്പൂർ, മുതുമല വന്യജീവി സങ്കേതത്തിലെ മൃഗങ്ങളുടെ വേനൽക്കാല വസതിയാണ് വയനാട് വന്യജീവി സങ്കേതം. എത്ര കഠിനമായ വേനൽച്ചൂടിലും കാടുകൾ കരിഞ്ഞുണങ്ങിയാലും അൽപം തീറ്റയും പൊൻകുഴി പുഴയിലെ നീരൊഴുക്കുമാണ് എന്നും വന്യജീവികൾക്ക് ആശ്വാസമാകാറുള്ളത്. എന്നാൽ, ഇത്തവണ വേനൽ തുടക്കത്തിലേ കടുത്തതിനാൽ നീരൊഴുക്ക് കുറഞ്ഞ് വറ്റിവരണ്ട സ്ഥിതിയിലായിരുന്നു വനമേഖലയിലെ പുഴകളും കുളങ്ങളും. അതിനാൽ തന്നെ തുടർച്ചയായി വേനൽമഴ ലഭിച്ചിട്ടും കാടുകൾ തളിരിട്ടിട്ടും പുഴകളിലെ നീരൊഴുക്ക് കൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.