സുല്‍ത്താന്‍ ബത്തേരി: മറ്റു പല ഡിപ്പോകളിലും ഉപയോഗിച്ച് പഴകിയ ബസുകള്‍ തള്ളാനുള്ള കേന്ദ്രമായി ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോ മാറി. അഞ്ച് വര്‍ഷം മുമ്പാണ് പുതിയ ബസുകള്‍ ഡിപ്പോക്ക് അനുവദിച്ചത്. പിന്നീട് ലഭിച്ചതെല്ലാം കാലപ്പഴക്കം ചെന്ന ബസുകളാണ്. കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ, ഇരിട്ടി എന്നീ സ്ഥലങ്ങളിലേക്ക് ചുരമിറങ്ങി പോകേണ്ടതിനാല്‍ മികച്ച ബസുകള്‍ അത്യാവശ്യമാണ്. കുന്നും മലയും കയറി പോകേണ്ടതിനാല്‍ പല ലോക്കല്‍ സര്‍വിസുകള്‍ക്കും നല്ല ബസ് തന്നെ വേണം. കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന എല്ലാ ബസുകളില്‍നിന്നും നല്ല വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ, നല്ല ബസില്ലാത്തതിനാലും കണ്ടക്ടര്മാരില്ലാത്തതിനാലും കോഴിക്കോട്ടേക്കുള്ള പല സര്‍വിസുകളും മുടങ്ങുകയാണ്. രാവിലെ 6.30നും 7.30നും കോഴിക്കോട്ടേക്കുള്ള ബസുകള്‍ സ്ഥിരമായി അയക്കാന്‍ കഴിയുന്നില്ല. നിറയെ യാത്രക്കാരുള്ള സമയത്തെ സര്‍വിസുകളാണ് പതിവായി മുടങ്ങുന്നത്. 15 ബസുകള്‍ മാത്രമേ മറ്റു ജില്ലകളിലേക്ക് ചുരമിറങ്ങി പോകുന്നതിന് യോഗ്യമായുള്ളൂ. കോഴിക്കോട്ടേക്ക് മാത്രം സര്‍വിസ് നടത്തുന്നതിന് 15 ബസുകള്‍ മതിയാകില്ല. 2016ലാണ് അവസാനമായി ഡിപ്പോക്ക് ബസുകള്‍ അനുവദിച്ചത്. അന്നും മറ്റു സ്ഥലങ്ങളില്‍ ഉപയോഗിച്ച് പഴകിയവയാണ് ലഭിച്ചത്. പഴയ ബസുകള്‍ ഒരു ട്രിപ് കഴിഞ്ഞുവരുമ്പോേഴക്കും അറ്റകുറ്റപ്പണി വേണ്ടിവരും. അതിനാല്‍ അടുത്ത ട്രിപ് മുടങ്ങും. ഇങ്ങനെ പഴയ ബസുകളുമായി ഉന്തിത്തള്ളി നീങ്ങുകയാണ് ബത്തേരി ഡിപ്പോ. ഇതിനിടെയാണ് കണ്ടക്ടര്‍മാരുടെ കുറവും ഡിപ്പോയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നത്. 294 കണ്ടക്ടര്‍ ആവശ്യമുള്ളിടത്ത് 219 കണ്ടക്ടര്‍മാരാണ് ജോലി ചെയ്യുന്നത്.100 സര്‍വിസുകളാണ് ഡിപ്പോയില്‍ നിന്നും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 80 സര്‍വിസുകള്‍ മാത്രമേ കൃത്യമായി നടത്താന്‍ സാധിക്കുന്നുള്ളൂ. സന്നദ്ധരായ കണ്ടക്ടര്‍മാരെ അധികസമയം ജോലി ചെയ്യിപ്പിച്ചാണ് ഒരുവിധം സര്‍വിസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ദേശസാത്കൃതമായതിനാല് കോഴിക്കോട്-ബത്തേരി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മികച്ച വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്ന് എ.ടി.ഒ ഷാജി പറഞ്ഞു. എന്നാൽ, നിലവിലെ മോശം ബസുകള്‍ ഉപയോഗിച്ച് സര്‍വിസ് നടത്തിയാല്‍ അപകടം ക്ഷണിച്ചുവരുത്തലാകും. പുതിയ ബസുകള്‍ അനുവദിക്കുകയും കണ്ടക്ടര്‍മാരെ നിയമിക്കുകയും ചെയ്താല്‍ ഡിപ്പോക്ക് മികച്ച ലാഭം കൊയ്യാന്‍ സാധിക്കും. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്നും അവഗണനമാത്രാണ് ബത്തേരി ഡിപ്പോക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.