കൽപറ്റ: വേനൽച്ചൂടിൽ വയനാടിനെ മറന്ന സഞ്ചാരികൾ വീണ്ടും ചുരം കയറുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താരതമ്യേന ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയ സഞ്ചാരികളുടെ എണ്ണം കുറവായിരുന്നെങ്കിൽ മേയ് ആദ്യവാരം ഇതിന് മാറ്റമുണ്ടായി. മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി സങ്കേതങ്ങൾ വീണ്ടും തുറന്ന് ജീപ്പ് സഫാരി ആരംഭിച്ചതോടെയാണ് ഈ മാറ്റം പ്രകടമായത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജില്ലയിലെ മറ്റിടങ്ങളിൽ വിനോദസഞ്ചാരികൾ കുറഞ്ഞപ്പോഴും പിടിച്ചുനിന്നത് എടക്കൽ ഗുഹയാണ്. ഏപ്രിലിലെ ശനി, ഞായർ ദിവസങ്ങളിൽ ശരാശരി 4500ഒാളം പേർ എടക്കൽ ഗുഹ സന്ദർശിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇൗ മാസത്തെ ആദ്യ ശനി, ഞായർ ദിവസങ്ങളിൽ 5000ത്തിനു മുകളിൽ സഞ്ചാരികളെ ഗുഹയിലേക്ക് കടത്തിവിട്ടതായി അധികൃതർ പറഞ്ഞു. രാവിലെ ഒമ്പതു മുതലുള്ള പ്രവേശനം എട്ടുമണി മുതൽ ആക്കിയതിനാൽ വരുംദിവസങ്ങളിൽ എണ്ണം വീണ്ടും ഉയരും. മാർച്ചിൽ 20,031 പേരും ഏപ്രിലിൽ 35,400 പേരുമാണ് എടക്കലിൽ എത്തിയതെങ്കിൽ മേയ് ആദ്യവാരം തന്നെ പതിനായിരത്തിനു മുകളിൽ സഞ്ചാരികളെത്തിയത് വർധന വ്യക്തമാക്കുന്നതാണ്. പൂക്കോടാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ഇതുവരെ എത്തിയിട്ടുള്ളത്. മാർച്ചിൽ 43,803 പേരും ഏപ്രിലിൽ 92,992 പേരും എത്തിയപ്പോൾ മേയ് എട്ടുവരെ മാത്രം 23,692 പേർ പൂക്കോട് തടാകം കാണാനെത്തി. കുറുവ ദ്വീപിലും സഞ്ചാരികൾ സജീവമായിട്ടുണ്ട്. മാർച്ചിൽ 13,904 പേർ മാത്രമാണ് കുറുവയിലെത്തിയത്. ഏപ്രിലിൽ ഇത് 25,197 ആയി ഉയർന്നെങ്കിലും 2016 ഏപ്രിലിനെക്കാൾ 8000ത്തിലധികം സഞ്ചാരികളുടെ കുറവുണ്ട്. 2016 ഏപ്രിലിൽ 33,887 പേരാണ് കുറുവയിലെത്തിയത്. എന്നാൽ, ഇത്തവണ മേയ് ആദ്യവാരം തന്നെ കുറുവയിൽ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ബാണാസുര സാഗർ ഡാമിൽ പുതിയ സോർബിങ് ബാൾ വിനോദവും മറ്റും ഏർപ്പെടുത്തിയതും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. അവധിക്കാലം കഴിയാൻ കുറച്ചു ദിവസങ്ങൾകൂടി ശേഷിക്കെ വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പ്രതിസന്ധി മേയിൽ ഉണ്ടാകില്ലെന്നാണ് വയനാട്ടിലെ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.