സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധന സമയം തീരാന്‍ കേരള-^കർണാടക അതിർത്തിയിൽ ബീച്ചനഹള്ളിയിലും മധൂരും കാത്തുകിടക്കുന്ന യാത്രക്കാര്‍ പ്രാഥമികാവശ്യംപോലും നിറവേറ്റാന്‍ സാധിക്കാതെ വലയുന്നു. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെയാണ് ദേശീയപാത 766ല്‍ യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ഈ സമയത്ത് ഇവിടെ എത്തുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ ഘോരവനത്തില്‍ അരക്ഷിതരായി കാത്തുകിടക്കണം. ഇതിനിടെ പ്രാഥമികാവശ്യം നിറവേറ്റേണ്ടി വന്നാല്‍ കുപ്പിയില്‍ വെള്ളവുമെടുത്ത് വനത്തില്‍ കയറുകയേ നിവൃത്തിയുള്ളൂ. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വനാതിര്‍ത്തി ചെക്ക്പോസ്റ്റിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിക്ക് പ്രാഥമികകൃത്യം നടത്തേണ്ടതായിവരുകയും ആവശ്യം കണ്ടക്ടറെ അറിയിക്കുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ കണ്ടക്ടര്‍ ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ വിളിച്ചുണര്‍ത്തി സഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചെക്ക്പോസ്റ്റിന് സമീപത്ത് വനത്തോട് ചേര്‍ന്നുള്ള സ്ഥലം മൊബൈല്‍ വെളിച്ചത്തില്‍ പരിശോധിച്ചശേഷം സ്ത്രീയെ ഇവിടേക്ക് പറഞ്ഞയക്കുകയായിരുന്നു. കുപ്പിയില്‍ വെള്ളവുമായി സഹായിക്കാന്‍ തയാറായി സ്ത്രീയുമെത്തി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുമ്പും ഇതേ സ്ഥിതി മറ്റു പലര്‍ക്കുമുണ്ടായിട്ടുണ്ടെന്നും കണ്ടക്ടർ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് ഒരു മാര്‍ഗവുമില്ലാതെ വലയുന്നത്. ചിലപ്പോള്‍ എട്ടു മണിക്കൂര്‍ വരെ യാത്രക്കാര്‍ക്ക് വനത്തില്‍ കഴിച്ചുകൂട്ടേണ്ടി വരുന്നുണ്ട്. ഇരു സ്ഥലത്തും ചെറിയ ചെക്ക്പോസ്റ്റ് കെട്ടിടമാണുള്ളത്. ഇവിടെയാണെങ്കില്‍ ജീവനക്കാര്‍ക്കുള്ള സൗകര്യംപോലുമില്ല. പ്രാഥമികകർമം നിർവഹിക്കാൻ കൂടെയുള്ളവരുടെ സഹായത്തോടെ ചെക്ക്പോസ്റ്റിന് സമീപത്തെ കാട്ടില്‍ കയറുകയാണ് പോംവഴി. വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായതിനാല്‍ വാഹനത്തിലിരിക്കുന്നതുപോലും അപകടമായ സാഹചര്യത്തിലാണ് വനത്തില്‍ കയറേണ്ടിവരുന്നത്. മുമ്പ് നിരവധി വാഹനങ്ങള്‍ കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. യാത്രക്കാരെ അരക്ഷിതരാക്കി വനത്തില്‍ തളച്ചിടുമ്പോള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യംപോലും ഒരുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.