കൽപറ്റ: കൃഷിയിടത്തിലിറങ്ങി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന പുതിയ ഉത്തരവിറക്കുമെന്ന മന്ത്രി കെ. രാജുവിെൻറ പ്രസ്താവന വയനാട്ടിലെ കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിനാശം വരുത്തുന്നത് കാട്ടുപന്നികളാണെന്നിരിക്കേ, മൂന്നു വർഷം മുമ്പ് പ്രഖ്യാപിച്ച രീതിയിൽ മാറ്റം വരുത്തി കർഷകർക്ക് ഉപകാരപ്രദമായ രീതിയിൽ പുതിയ ഉത്തരവ് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വയനാട്ടിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മുഴുവൻ ഇടങ്ങളും കാട്ടുപന്നികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണിപ്പോൾ. ആൾപ്പാർപ്പില്ലാത്ത ഇടങ്ങളിലൂടെ പകൽപോലും സഞ്ചരിക്കാൻ ഭയക്കുന്ന രീതിയിലേക്ക് പന്നികൾ പെരുകിക്കഴിഞ്ഞിട്ടുണ്ട്. കൽപറ്റ നഗരത്തോടു ചേർന്ന തോട്ടങ്ങളിൽപോലും പന്നികൾ വ്യാപകമാണ്. മുമ്പ് ഒറ്റപ്പെട്ട രീതിയിലായിരുന്നു ഇവയുടെ സാന്നിധ്യമെങ്കിൽ ഇപ്പോൾ വയനാട്ടിൽ എല്ലായിടത്തും രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുകയാണ്. വയനാടിെൻറ തനതു കൃഷികളിലൊന്നായ കിഴങ്ങുവർഗങ്ങൾ ജില്ലയുടെ കൃഷിയിടങ്ങളിൽനിന്ന് ഏറക്കുറെ നിർമാർജനം ചെയ്യെപ്പടാൻ കാരണം കാട്ടുപന്നികളുടെ വിഹാരമാണ്. കപ്പ, കാച്ചിൽ, കൂവ, വാഴ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകൾ കൂട്ടമായെത്തിയാണ് പന്നികൾ തേറ്റകൊണ്ട് കുത്തിമറിച്ച് നശിപ്പിക്കുന്നത്. വീട്ടുമുറ്റത്തെ കൃഷിവരെ നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യത്താൽ വലഞ്ഞ വയനാടൻ ജനത ഫലപ്രദമായ ഇടപെടലിനുവേണ്ടി കാലങ്ങളായി ആവശ്യപ്പെടുകയാണ്. കീടനാശിനി ഉപയോഗിച്ചുള്ള വാഴകൃഷി ജില്ലയിൽ വ്യാപകമായതാണ് കാട്ടുപന്നികൾ പെരുകാൻ കാരണമായതെന്ന് ജില്ലയിലെ പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഫ്യൂറഡാൻ അടക്കമുള്ള മാരക കീടനാശിനികൾ വയലുകളിൽ വ്യാപകമായി ഉപയോഗിച്ചതോടെ ഞണ്ടുകൾ അടക്കമുള്ളവ ചത്തൊടുങ്ങി. ഇവയെ ഭക്ഷിച്ച കുറുക്കന്മാർ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. മുമ്പ് കാട്ടുപന്നിക്കുഞ്ഞുങ്ങളെ കുറുക്കന്മാർ വേട്ടയാടിയിരുന്നത് ഇവയുെട പെരുപ്പം തടയാൻ സഹായകമായിരുന്നു. എന്നാൽ, കുറുക്കന്മാർ ഇല്ലാതായതോടെ പന്നികൾ പെറ്റുപെരുകാൻ തുടങ്ങി. കൃഷിയിടത്തിലിറങ്ങി നാശനഷ്ടം വരുത്തുന്ന പന്നികളെ വെടിവെച്ച്കൊല്ലാമെന്ന് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് 2013ൽ നിയമം കൊണ്ടുവന്നിരുന്നു. എന്നാൽ, അതിസങ്കീർണമായ വ്യവസ്ഥകളുള്ളതിനാൽ ഇക്കാലയളവിൽ ഒരു പന്നിയെപ്പോലും കൊല്ലാൻ കേരളത്തിൽ ഒരു കർഷകനും തുനിഞ്ഞില്ല. കാട്ടുപന്നികളുടെ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുപോലും ആരും ഇവയെ കൊല്ലാൻ മുതിരാതിരുന്നത് കേസിൽ കുടുങ്ങുമെന്ന ഭീതികൊണ്ടായിരുന്നു. കാട്ടുപന്നികൾ ഭീതിദമാംവിധം പെരുകുകയും വൻതോതിൽ കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വ്യവസ്ഥകളിൽ ഇളവു നൽകിയായിരിക്കും പുതിയ ഉത്തരവ് ഇറക്കുകയെന്ന മന്ത്രിയുടെ പ്രഖ്യാപനമാണ് പന്നിശല്യം ചെറുക്കാൻ മാർഗമൊരുങ്ങുെമന്ന് കർഷകർക്ക് പ്രതീക്ഷ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.