മാനന്തവാടി: ആരോഗ്യവകുപ്പ് മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുന്ന 2016– 17 വർഷത്തെ കായകൽപം അവാർഡ് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബേഗൂർ പി.എച്ച്.സിക്ക് ലഭിച്ചു. ശുചിത്വം, സേവനം തുടങ്ങിയ പത്തോളം പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംസ്ഥാന സർക്കാർ അവാർഡ് നൽകുന്നത്. കഴിഞ്ഞ വർഷം മുതലാണ് അവാർഡ് നൽകാൻ തുടങ്ങിയത്. കാട്ടിക്കുളത്ത് ആഴ്ചയിൽ ഒരുദിവസം മാത്രം പ്രവർത്തിക്കുന്ന ഫോറസ്റ്റ് ഡിസ്പെൻസറിയായാണ് ആദ്യകാലത്ത് ആരംഭിച്ചത്. 1991ൽ പി.എച്ച്.സിയായി ഉയർത്തി. പിന്നീട് വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം. 2014 മുതലാണ് സ്വന്തം കെട്ടിടത്തിൽ പി.എച്ച്.സി പ്രവർത്തനം തുടങ്ങിയത്. ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പഞ്ചായത്ത് കൂടിയായ തിരുനെല്ലിയിലെ ഈ പി.എച്ച്.സിയിൽ പ്രതിദിനം 150നും 200നും ഇടയിൽ രോഗികൾ ഒ.പിയിൽ പരിശോധനക്കായി എത്തുന്നുണ്ട്. വാഹന സൗകര്യം ഉള്ളതിനാൽ തിരുനെല്ലി, തോൽപ്പെട്ടി, ബാവലി എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് പുറമെ അയൽ സംസ്ഥാനമായ കർണാടകയിലെ ബൈരകുപ്പ, മച്ചൂർ, കുട്ട പ്രദേശങ്ങളിലുള്ളവരും ഇവിടെ ചികിത്സ തേടി എത്താറുണ്ട്. രോഗികൾക്കായി ഇരിപ്പിടങ്ങൾ, ടി.വി, കുടിവെള്ളം എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിെൻറ സ്ഥലത്ത് ജീവനക്കാർ മനോഹരമായ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് ഉൾപ്പെടെ എട്ട് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 50 രോഗികളെത്തുന്ന പി.എച്ച്.സിക്ക് സർക്കാർ നിർദേശിച്ചിരിക്കുന്ന മാനദണ്ഡത്തിലുള്ള തസ്തികയാണിത്. ഇതിനാൽതന്നെ, 200ഓളം പേർ ചികിത്സക്കായി എത്തുന്ന ഇവിടെ ജീവനക്കാരുടെ കുറവും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അംഗീകാരം തേടി എത്തുമ്പോഴും ലാബ്, ഇ.സി.ജി, കിടത്തിചികിത്സ എന്നിവ ഇല്ലാത്തത് വലിയ പോരായ്മയാണ്. ജീവനക്കാരുടെ നിസ്വാർഥ സേവനത്തിനുള്ള അംഗീകാരമായാണ് അവാർഡിനെ കാണുന്നതെന്ന് മെഡിക്കൽ ഓഫിസർ ഡോ. അജീഷ് പറഞ്ഞു. ഹോസ്പിറ്റൽ ഇൻഫക്ഷൻ കൺട്രോൾ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിച്ചതിനുള്ള അവാർഡ് ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ആശുപത്രി അധികൃതർ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.