മാനന്തവാടി: ഒരിടവേളക്കുശേഷം സി.പി.എം ഭരിക്കുന്ന മാനന്തവാടി നഗരസഭക്കെതിരെ ഘടകകക്ഷിയായ സി.പി.ഐ വീണ്ടും രംഗത്ത്. കൈയേറ്റ വിഷയം ഉയർത്തി സി.പി.ഐ കഴിഞ്ഞ നവംബർ മൂന്നിന് നഗരസഭയിലേക്ക് നടത്തിയ മാർച്ച് സി.പി.എം തടയുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇടതുമുന്നണി ആഹ്വാനംചെയ്ത പരിപാടികൾ എല്ലാം സി.പി.ഐ ഒറ്റക്കായിരുന്നു നടത്തിവന്നിരുന്നത്. ഗാന്ധി പാർക്കിലെ സെൻട്രൽ മാർക്കറ്റിന് ലൈസൻസ് കൊടുത്ത നടപടിക്കെതിരെയാണ് വീണ്ടും രംഗത്തുവന്നത്. വൻകിട കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നഗരസഭ കണ്ണിൽ പൊടിയിടാൻ നോട്ടീസ് നൽകി കള്ളനും പൊലീസും കളിക്കുകയാണെന്ന് സി.പി.ഐ പ്രസ്താവനയിൽ ആരോപിക്കുന്നു. പാർക്കിങ് ഏരിയ കച്ചവടമാക്കിയതിനെതിരെ പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. അത് മുമ്പ് നടന്ന കൈയേറ്റങ്ങളാണെന്ന ന്യായങ്ങളാണ് നിരത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ നടന്ന കൈയേറ്റത്തിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല. ചില കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി കോടതിയിൽനിന്ന് സ്റ്റേ വാങ്ങാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്. പൊളിച്ചുമാറ്റാൻ നോട്ടീസ് കൊടുത്ത കെട്ടിടത്തിൽ കച്ചവടം തുടങ്ങാൻ എങ്ങനെയാണ് ലൈസൻസ് കൊടുത്തത്.വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനാണെന്ന ന്യായമാണ് ഇപ്പോൾ ഉയർത്തുന്നത്. എന്നാൽ, സി.പി.എം ഒാഫിസിൽ വിളിച്ചുവരുത്തിയ ചില വഴിയോര കച്ചവടക്കാർക്ക് യൂനിയൻ മെംബർഷിപ് കൊടുക്കുകയും അവർക്ക് മാത്രം കച്ചവടത്തിന് സൗകര്യം ചെയ്തുകൊടുക്കുകയുമാണ് െചയ്തിരിക്കുന്നത്. ഇവരിൽനിന്ന് കെട്ടിട ഉടമ വലിയ തുകയാണ് വാടകയായി ഈടാക്കുന്നതെന്നും സി.പി.ഐ ആരോപിക്കുന്നു. സി.പി.ഐയുടെ പുതിയ നീക്കം നഗരസഭയെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.