കൽപറ്റ: വയനാടിെൻറ പ്രശസ്തി ലോകത്തെ അറിയിച്ച വയനാടൻ കുരുമുളകിെൻറ വില കുത്തനെ ഇടിയുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞവർഷം കിലോഗ്രാമിന് 740 രൂപ ലഭിച്ചിരുന്ന കുരുമുളകിന് ഇപ്പോൾ 480 രൂപയാണ്. കഴിഞ്ഞ കുറച്ചുവർഷമായി മികച്ചവിലയാണ് കുരുമുളകിന് ലഭിച്ചിരുന്നത്. വില കുറയുന്നതുകൊണ്ടുതന്നെ കച്ചവടക്കാർ കുരുമുളക് വാങ്ങുന്നതിന് മടികാണിക്കുകയാണെന്നും വില പിടിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാര്യക്ഷമമായി ഇടപെടണമെന്നും കിസാൻ ജനത ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വില കുറയുന്നത് സ്റ്റോക്കുള്ള ചരക്കിനെ ബാധിക്കുമെന്ന് കച്ചവടക്കാരും ഭയക്കുന്നുണ്ട്. കാൽ നൂറ്റാണ്ടുമുമ്പുവരെ രാജ്യത്ത് കുരുമുളക് കൃഷിക്ക് പ്രസിദ്ധമായ ജില്ലയായിരുന്നു വയനാട്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന കുരുമുളകിൽ 70 ശതമാനവും വയനാട്ടിലാണ് വിളഞ്ഞിരുന്നത്. കുരുമുളകിനെ ബാധിച്ച ദ്രുതവാട്ടവും മഞ്ഞളിപ്പും മറ്റ് കുമിൾരോഗങ്ങളും താങ്ങുകാലുകളെ ബാധിച്ചരോഗവും വയനാടൻ കുരുമുളക് കൃഷിയെ കീഴ്മേൽ മറിച്ചു. കുരുമുളക് കൃഷി ഉപേക്ഷിച്ച നിരവധിയാളുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച വില ലഭിക്കുന്നതുകൊണ്ട് വീണ്ടും കൃഷിയിലേക്ക് തിരിച്ചുവന്നു. ഇതോടെ കുരുമുളക് കൃഷി തിരിച്ചുവരവിെൻറ പാതയിലായിരുന്നു. ഈ സമയത്ത് കുരുമുളകിന് വിലകുറയുന്നത് കൃഷി വീണ്ടും ആരംഭിച്ച കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്ത്യയിലെ കുരുമുളകിെൻറ ഉൽപാദനം 50000 ടണ്ണോളമാണ്. എന്നാൽ, കയറ്റുമതി ചെയ്യുന്നത് 5000 മുതൽ 10000 ടൺ വരെയാണ്. അന്താരാഷ്ട്രവിപണിയിലെ ആവശ്യം 50000 ടണ്ണും. ഇന്ത്യൻ കുരുമുളകിന് ഗുണനിലവാരമുള്ളതിനാൽത്തന്നെ ആഭ്യന്തരവിപണിയിൽ ആവശ്യക്കാരും കൂടുതലാണ്. എന്നാൽ, ഇത് മുതലെടുക്കാൻ വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ ശ്രമിക്കുമ്പോൾ ഉത്തരേന്ത്യൻ കുത്തകവ്യാപാരികളും ഇതിന് കൂട്ടുനിൽക്കുകയാണ്. വിയറ്റ്നാമിൽ കുരുമുളകിന് ലഭിക്കുന്നത് 280 രൂപയാണ്. ഇത്തരം ഗുണനിലവാരം കുറഞ്ഞ കുരുമുളക് വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത് ഗുണനിലവാരം കൂടിയ ഇന്ത്യൻ കുരുമുളകിനൊപ്പം ചേർത്ത് അന്താരാഷ്ട്രവിപണിയിൽ എത്തിക്കുകയാണ്. ഇത് ഇന്ത്യൻ കുരുമുളകിെൻറ ഡിമാൻഡ് കുറയുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം പ്രവണത അവസാനിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ഇടപെടണമെന്ന് കിസാൻ ജനത ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് കേന്ദ്ര വാണിജ്യമന്ത്രിക്ക് ഫാക്സ് സന്ദേശം അയച്ചതായും വാർത്തസമ്മേളനത്തിൽ പങ്കെടുത്ത കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.ഒ. ദേവസ്സി, ജില്ല പ്രസിഡൻറ് വി.പി. വർക്കി, കെ.കെ. രവി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.