പുൽപള്ളി: കർണാടക അതിർത്തി കടന്നും ചികിത്സ തേടി ആളുകളെത്തുന്ന പാടിച്ചിറയിലെ മുള്ളൻകൊല്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കാലങ്ങളായി അധികൃതർ അവഗണിക്കുന്നു. കിടത്തിചികിത്സ വാർഡ് പ്രവർത്തനമാരംഭിക്കാത്തതും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്തതും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് സൗകര്യം ഒരുക്കാത്തതുമെല്ലാം ഇതിനുദാഹരമാണ്. 2009-ലാണ് ഐ.പി. വാർഡ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഇന്നുവരെ ഒരാളെ പോലും കിടത്തി ചികിത്സിച്ചിട്ടില്ല. വാർഡുകളെല്ലാം അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. നിലവിൽ ഒരു ഡോക്ടറുടെ സേവനമാണ് ഇവിടെയുള്ളത്. ആഴ്ചയിൽ മൂന്നു ദിവസത്തിൽ കൂടുതൽ ഡോക്ടറുടെ സേവനം ലഭിക്കാറില്ല. കാരണം മിക്കദിവസവും ക്യാമ്പിനും മീറ്റിങ്ങിനുമെല്ലാം പോവേണ്ടിവരുന്നു. ഡോക്ടർ ഉണ്ടോയെന്ന് ഉറപ്പില്ലാത്തതിനാൽ മിക്കവരും മറ്റ് ആശുപത്രികളിലേക്ക് ചികിത്സതേടി പോകുന്നു. ഡോക്ടറുള്ള ദിവസങ്ങളിൽ നിരവധിപേർ ചികിത്സതേടി എത്തുന്നുണ്ട്. ഇവിടെ രണ്ട് ഡോക്ടർമാരെങ്കിലും ഉണ്ടായാലേ നാട്ടുകാർക്ക് ഉപകാരപ്പെടുകയുള്ളൂ. നിരവധി ആദിവാസി കോളനികളുള്ള മേഖലയാണിത്. ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നവർ ഏറെയുണ്ട്. ആശുപത്രിയിൽ ഒരു ജീവനക്കാരനു മാത്രം താമസിക്കാൻ പറ്റുന്ന ക്വാർട്ടേഴ്സ് സൗകര്യമേയുള്ളൂ. ഡോക്ടർക്കടക്കം താമസസൗകര്യം ഒരുക്കണമെന്നും ആവശ്യമാണ്. ആശുപത്രി വളപ്പ് കാടുമൂടിയ നിലയിലാണ്. ചുറ്റുവട്ടം കാടുമൂടിയതോടെ ഇഴജന്തുക്കൾ താവളമാക്കിയിരിക്കുകയാണ്. മഴക്കാലം അടുത്തു നിൽക്കെ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയേറെയാണ്. എന്നിട്ടും ആശുപത്രിയിൽ മുന്നൊരുക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.