മാനന്തവാടി: കാടിനെയും വന്യമൃഗങ്ങളെയും സ്നേഹിച്ച് കാടിനുള്ളിൽ ഒറ്റക്ക് താമസിച്ചിരുന്ന തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ ലക്ഷ്മി അവ്വ (80) ഇനി ഓർമ. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് നിര്യാതയായത്. 40 വർഷത്തോളം പനവല്ലി കോട്ടപ്പടിയിൽ വനത്തിനുള്ളിലായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് മരിച്ചതിന് ശേഷം 20 വർഷത്തോളം ഇവർ ഈ വീട്ടിൽ ഒറ്റക്കാണ് താമസിച്ചത്. ആനയും മാനും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളായിരുന്നു ഇവരുടെ വീട്ടിലെ നിത്യ സന്ദർശകർ. പക്ഷേ, ഒരു മൃഗം പോലും ഇവരെ ഉപദ്രവിച്ചില്ലെന്നതാണ് ആശ്ചര്യകരമായ കാര്യം. മൃഗങ്ങളെ അത്രക്ക് ഇവർ സ്നേഹിച്ചിരുന്നു എന്നതിെൻറ തെളിവുകൂടിയാണിത്. ഒരു പാടു തവണ ഇവരെ കാട്ടിനുള്ളിൽനിന്ന് മാറ്റി പാർപ്പിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. 2010ൽ ആനത്താര പദ്ധതിയുടെ ഭാഗമായി വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തകരായ ഡോ. പി.എസ്. ഈസ, സാബു ജഹാൻ എന്നിവരുടെ ഇടപെടലിനെ തുടർന്ന് പനവല്ലി ഗവ. എൽ.പി സ്കൂളിനു സമീപം അര ഏക്കർ കൃഷിഭൂമി വാങ്ങിച്ചുനൽകുകയും വീട് നിർമിച്ചു നൽകുകയും ചെയ്തു. െചലവിനായി ഒരുലക്ഷം ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏഴു വർഷമായി ഇവർ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.