സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവീ സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി പുതിയ ബസുകള്‍ ഏര്‍പ്പെടുത്തുന്നത് അനിശ്ചിത്വത്തില്‍. നിലവില്‍ വനത്തിനുള്ളില്‍ സര്‍വിസ് നടത്തുന്ന ജീപ്പ് ഡ്രൈവര്‍മാരുടെ എതിര്‍പ്പുമൂലമാണ് ഏറ്റവും സൗകര്യപ്രദമായ ബസുകള്‍ എത്തിക്കാന്‍ സാധിക്കാത്തത്. തോല്‍പ്പെട്ടി, മുത്തങ്ങ എന്നിവിടങ്ങളിലാണ് വനത്തിനുള്ളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളത്. മുത്തങ്ങയില്‍ 22ഉം തോല്‍പ്പെട്ടിയില്‍ 23ഉം ജീപ്പുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇരു സ്ഥലങ്ങളിലും 60 ട്രിപ്പുകള്‍ മാത്രമേ വനത്തിലേക്ക് കടത്തിവിടാറുള്ളൂ. അതിനാല്‍, ഒരുദിവസം പരമാവധി 500 പേര്‍ക്കെ വനത്തിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കൂ. ചില ദിവസങ്ങളില്‍ ഇരുപതിനായിരത്തോളം സഞ്ചാരികള്‍ ഇരു കേന്ദ്രങ്ങളിലുമായി എത്താറുണ്ട്. ഭൂരിഭാഗം ആളുകളും കാട് കാണാന്‍കഴിയാതെ മടങ്ങിപ്പോകുകയാണ് പതിവ്. സര്‍വിസ് നടത്തുന്ന ജീപ്പുകള്‍ പഴയതായതിനാല്‍ മലിനീകരണം വളരെ കൂടുതലാണ്. തുടര്‍ച്ചയായി ജീപ്പുകള്‍ കടന്നുപോകുന്നത് വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തെ ബാധിക്കുന്നുമുണ്ട്. പ്രവേശന ടിക്കറ്റ് കൂടാതെ 600 രൂപ ജീപ്പ് വാടകയും നല്‍കണം. ഒരാള്‍ക്ക് തനിച്ച് വേണമെങ്കിലും ഒരു ജീപ്പ് വിളിച്ച് വനത്തില്‍ പോകാന്‍ സാധിക്കും. ഇതിനാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ വനത്തില്‍ പ്രവേശിക്കാന്‍ സാധിക്കൂ. അതേസമയം, പുതുതായി വനം വകുപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ബസുകള്‍ മലിനീകരണം തീരെ ഇല്ലാത്തതാണ്. ഒരു ബസില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കും. രണ്ട് ബസുകളാണ് മുത്തങ്ങയില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഇരു ബസുകളിലുമായി ഒരേ സമയം 50 പേര്‍ക്ക് കാട്ടിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍, രണ്ട് ജീപ്പുകള്‍ സര്‍വിസ് നടത്തിയാല്‍ പരമാവധി 10 പേര്‍ക്കാണ് കാട് കാണാനാകുക. രണ്ട് ബസ് കടന്നു പോകുമ്പോഴുണ്ടാകുന്നതിനെക്കാള് മലിനീകരണവുമുണ്ടാക്കുന്നു. ബസുകള്‍ വാങ്ങുന്നതിനായി 2009ല്‍തന്നെ പണം നീക്കിവെച്ചെങ്കിലും എതിര്‍പ്പുമൂലം ഇതുവരെ വാങ്ങാനായില്ല. രണ്ടു തവണ ടെൻഡര്‍ വിളിക്കുകയും ബസ് നല്കാന് കമ്പനികള്‍ തയാറാകുകയും ചെയ്തു. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ടെൻഡര്‍ നടക്കാതെ പോയി. 20 പേരാണ് മുത്തങ്ങയില്‍ ജീപ്പ് സര്‍വിസ് നടത്തുന്നത്. ഇതില്‍ ആറു പേര്‍ക്ക് ബസുകളിൽ ജോലി നല്കാന് വനംവകുപ്പ് തയാറാണ്. ബാക്കി 14 പേരുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാലാണ് പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തത്. ഇരവികുളം, ബന്ദിപ്പൂര്‍, സൈലൻറ് വാലി, പറമ്പിക്കുളം എന്നിവിടങ്ങളിലെല്ലാം ഇത്തരം ബസുകളിലാണ് ആളുകള്‍ക്ക് വനസഞ്ചാരം സാധ്യമാക്കുന്നത്. ബസ് സര്‍വിസ് നടത്താന്‍ സാധിച്ചാല്‍ കൂടുതല്‍ സഞ്ചാരികള്‍ക്ക് വനത്തില്‍ പ്രവേശിക്കാനും മലിനീകരണം കുറക്കാനും വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് ക്ഷതമേൽപിക്കാതിരിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.