കാലിടറി ഫാല്‍ക്കന്‍സ്; ക്വാര്‍ട്ടര്‍ മോഹങ്ങള്‍ ത്രിശങ്കുവില്‍

കല്‍പറ്റ: അതിനിര്‍ണായക മത്സരത്തില്‍ കരുത്തര്‍ക്ക് കാലിടറി. വയനാട് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം കാണാനാവാതെ ഉഴറിയ വയനാട് ഫാല്‍ക്കന്‍സിന്‍െറ ടൂര്‍ണമെന്‍റിലെ നിലനില്‍പുതന്നെ പ്രതിസന്ധിയിലായി. സാസ്ക് സുഗന്ധഗിരിയോട് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കൊമ്പുകുത്തിയ ഫാല്‍ക്കന്‍സിന് ഗ്രൂപ് ‘ഡി’യില്‍നിന്ന് ഇനി അവസാന എട്ടിലത്തെണമെങ്കില്‍ ഭാഗ്യം കനിഞ്ഞേ തീരൂ. രണ്ടു കളിയില്‍ ഒരു പോയന്‍റ് മാത്രമാണ് ഫാല്‍ക്കന്‍സിന്‍െറ സമ്പാദ്യം. രണ്ടു കളിയില്‍ മൂന്നു പോയന്‍റുള്ള സുഗന്ധഗിരിക്ക് അവസാന കളി ജയിച്ചാല്‍ ക്വാര്‍ട്ടറിലത്തൊം. ഫാല്‍ക്കന്‍സിനെതിരെ കുംസണും അനസുമാണ് സാസ്കിനുവേണ്ടി വല കുലുക്കിയത്. ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായതിനാല്‍ ഇരുനിരയും തുടക്കത്തിലേ ആക്രമണാത്മകമായ ഗെയിമാണ് പുറത്തെടുത്തത്. എന്നാല്‍, ഗോളിമാര്‍ അവസരത്തിനൊത്തുയര്‍ന്നതോടെ മുന്നേറ്റങ്ങള്‍ക്ക് മുനയൊടിയുന്നത് പതിവുകാഴ്ചയായി. മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കൂടിയായ എസ്.ബി.ടി താരം ജീന്‍ ക്രിസ്റ്റ്യനെയാണ് ഫാല്‍ക്കന്‍സ് ക്രോസ്ബാറിനുകീഴില്‍ ഗ്ളൗസണിഞ്ഞത്. മറുവശത്ത് ബഷീറും ഒന്നാന്തരം സേവുകളുമായി കൈയടി നേടി. കാണികളുടെ പിന്തുണയോടെ സാസ്ക് ഉശിരുകാട്ടിയപ്പോള്‍ ഏകോപനമില്ലാത്ത നീക്കങ്ങളും ലക്ഷ്യബോധമില്ലാത്ത പാസുകളുമാണ് ഫാല്‍ക്കന്‍സിനെ പ്രതികൂലമായി ബാധിച്ചത്. ഡിഫന്‍സിലെ ആശയക്കുഴപ്പം പലപ്പോഴും ഫാല്‍ക്കന്‍സ് ഗോള്‍മുഖത്ത് ഭീതിയുയര്‍ത്തിയപ്പോള്‍ ജീന്‍ ക്രിസ്റ്റ്യന്‍െറ അവസരോചിത നീക്കങ്ങളാണ് അവരുടെ തുണക്കത്തെിയത്. എന്നാല്‍, 21ാം മിനിറ്റില്‍ വലതു വിങ്ങില്‍ ബോക്സിന് പുറത്തുനിന്ന് നിലംപറ്റെ തൊടുത്ത ഷോട്ട് ജീനിന്‍െറ കാലില്‍തട്ടി വലയിലേക്ക് നീങ്ങിയപ്പോള്‍ ഗാലറിക്ക് ആഘോഷമായി. ഇടവേളക്കുശേഷം ഗോള്‍ തിരിച്ചടിക്കാനിറങ്ങിയ ഫാല്‍ക്കന്‍സിന്‍െറ വലയിലേക്ക് 30ാം മിനിറ്റില്‍ വീണ്ടും പന്തുകയറി. പ്രതിരോധനിരയുടെ അലംഭാവമാണ് രണ്ടാംഗോളിന് വഴിയൊരുക്കിയത്. ഡിഫന്‍സിന്‍െറ ക്ളിയറിങ്ങില്‍ പിഴച്ചപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന അനസിന് വലയിലേക്ക് ഷോട്ടുതിര്‍ക്കാന്‍ ഒട്ടും ആയാസപ്പെടേണ്ടിവന്നില്ല. രണ്ടുഗോളിന് പിന്നിലായ ഫാല്‍ക്കന്‍സ് പ്രത്യാക്രമണം ശക്തമാക്കിയെങ്കിലും മുന്‍നിരയില്‍ സുമേഷും നാനിയും മൈക്കിളും അവസരങ്ങള്‍ തുലക്കുന്നതില്‍ മത്സരിച്ചു. മറുവശത്ത് സാസ്കിന്‍െറ മുനകൂര്‍ത്ത മുന്നേറ്റങ്ങളെ മനസ്സാന്നിധ്യം കൊണ്ട് പലകുറി തടഞ്ഞുനിര്‍ത്തിയ ജീന്‍ ക്രിസ്റ്റ്യനെയായിരുന്നു ഒരര്‍ഥത്തില്‍ മത്സരത്തിലെ ‘താരം’. ജീന്‍ ഇല്ലായിരുന്നുവെങ്കില്‍ ഫാല്‍ക്കന്‍സിന്‍െറ പരാജയഭാരം എത്രയോ ഉയര്‍ന്നേനെ. രണ്ടാമത്തെ മത്സരത്തില്‍ ഡൈനാമോസ് അമ്പലവയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആസ്ക് ആറാംമൈലിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഡൈനാമോസിന്‍െറ തിരിച്ചുവരവ്. അലക്സിയുടെ ഗോളില്‍ മത്സരത്തിന്‍െറ തുടക്കത്തില്‍ ലീഡ് നേടിയ ആസ്കിനെതിരെ ഡൈനാമോസിനു വേണ്ടി അഖില്‍ ഇരട്ടഗോള്‍ നേടി. സിസിയുടെ ബൂട്ടില്‍നിന്നായിരുന്നു അമ്പലവയലിന്‍െറ മൂന്നാം ഗോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.