കൽപറ്റ (വയനാട്): സഹകരണ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച സുപ്രീംകോടതിയുടെ പരാമർശത്തിന് പിന്നാലെ പണം തിരികെ വാങ്ങാനുള്ള നീക്കവുമായി വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശ്ശിലേരി ശിവ ക്ഷേത്രവും. നിക്ഷേപിച്ച പണം അടിയന്തരമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളെയും സൊസൈറ്റികളെയും തിങ്കളാഴ്ച സമീപിക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന് 1.73 കോടി രൂപയുടെ നിക്ഷേപം മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റിയിലും 8.5 കോടി രൂപയുടെ നിക്ഷേപം തിരുനെല്ലി സഹകരണ ബാങ്കിലുമുണ്ട്. തൃശ്ശിലേരി ശിവക്ഷേത്രത്തിന് മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റിയിൽ 15.68 ലക്ഷം രൂപയുടെ നിക്ഷേപവും തിരുനെല്ലി സർവിസ് കോഓപറേറ്റിവ് ബാങ്കിൽ 1.5 കോടി രൂപയുടെ നിക്ഷേപവുമാണുള്ളത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് ബാങ്കുകൾ പറയുന്നത്. അതിനാൽ ക്ഷേത്രങ്ങൾക്ക് നിക്ഷേപ തുക മടങ്ങി നൽകുന്നത് ഇനിയും വൈകുമെന്നാണ് ലഭിക്കുന്ന വിവരം. സി.പി.എം മേൽനോട്ടത്തിലുള്ള ബാങ്കുകളിലും സൊസൈറ്റികളിലുമാണ് ഇരു ക്ഷേത്രങ്ങളും പണം നിക്ഷേപിച്ചത്.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശ്ശിലേരി ശിവക്ഷേത്രവും സഹകരണ ബാങ്കുകളിൽ നടത്തിയ നിക്ഷേപം പിൻവലിച്ച് ദേശസാത്കൃത ബാങ്കിലേക്ക് മാറ്റാൻ നിർദേശിച്ച ഹൈകോടതി ഉത്തരവിനെതിരെ നൽകിയ ഹരജി ഡിസംബർ അഞ്ചിന് പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷ പരാമർശം നടത്തിയത്.
ക്ഷേത്ര വരുമാനം ദൈവത്തിന് അവകാശപ്പെട്ടതാണെന്നും അത് ക്ഷേത്ര താൽപര്യത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ക്ഷേത്രപണം ഉപയോഗിക്കാനാകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹൈകോടതി ഉത്തരവിനെതിരെ മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റിയും തിരുനെല്ലി സർവിസ് കോഓപറേറ്റിവ് ബാങ്കുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാലാവധി പൂർത്തിയാകാതെ ക്ഷേത്രത്തിന്റെ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചാൽ സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാകുമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.