കോഴിയിറച്ചിക്ക് വില കുതിക്കുന്നു; ഫാമുടമകള്‍ക്ക് മെച്ചമില്ല

പനമരം: കോഴിയിറച്ചിയുടെ വില കുതിക്കുമ്പോള്‍ കോഴി ഫാം നടത്തുന്നവര്‍ നിലനില്‍പിനായുള്ള പോരാട്ടത്തില്‍. കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തങ്ങളുടെ നിലനില്‍പിനെകൂടി ബാധിക്കുന്നുവെന്നാണ് ചില ഫാം നടത്തിപ്പുകാര്‍ പറയുന്നത്. ജില്ലയിലെ പ്രധാന ടൗണുകളിലൊക്കെ ഇപ്പോള്‍ കോഴിയിറച്ചി വില 160ന് മേലാണ്. കമ്പളക്കാട്-160, പനമരം-160, സുല്‍ത്താന്‍ ബത്തേരി-180, മീനങ്ങാടി-170, 180, കേണിച്ചിറ-180 എന്നിങ്ങനെയാണ് വെള്ളിയാഴ്ചത്തെ വില. ഒരു കിലോ ഇറച്ചി വില്‍ക്കുമ്പോള്‍ വില്‍പനക്കാര്‍ക്ക് ഇപ്പോള്‍ 100 രൂപക്കടുത്ത് ലാഭമുണ്ടാകുന്നുണ്ട്. ചൂടു കൂടിയതോടെ വെള്ളത്തിന്‍െറ അഭാവത്തില്‍ തമിഴ്നാട്ടിലെ ഫാമുകളില്‍നിന്നുള്ള കോഴി വരവ് ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ജില്ലയിലെ ഫാമുകളില്‍നിന്ന് കച്ചവടക്കാര്‍ കോഴിയെ വാങ്ങുന്നത്. മിക്ക ഫാമിലും കോഴി വില്‍പന 60 രൂപ തോതിലാണ്. എന്നാല്‍, 80 രൂപയെങ്കിലും കിട്ടിയാലേ ഉല്‍പാദന ചെലവുമായി പൊരുത്തപ്പെടുവെന്ന് പനമരത്തെ ഏതാനും ഫാം നടത്തിപ്പുകാര്‍ പറയുന്നു. വിലപേശിയാല്‍ കച്ചവടം നടക്കില്ല. ഇറച്ചിക്ക് പാകമായ കോഴികളെ ഫാമില്‍ത്തന്നെ കൂടുതല്‍ ദിവസം നിര്‍ത്തിയാല്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്നതിനാല്‍ ഫാം നടത്തിപ്പുകാര്‍ കിട്ടുന്ന വിലക്ക് വില്‍ക്കാന്‍ തയാറാകുകയാണ്. ഒരു കിലോ 60 രൂപ കണക്കാക്കി വാങ്ങുമ്പോള്‍ 100-120 രൂപ തോതില്‍ വിറ്റാലും കച്ചവടക്കാര്‍ക്ക് ന്യായമായ ലാഭമുണ്ട്. എന്നാല്‍, അമിത ലാഭത്തിലാണ് ഇപ്പോഴത്തെ വല്‍പന. ഈയൊരു സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ കോഴിയിറച്ചി വാങ്ങാന്‍ മടിക്കുമ്പോഴുള്ള വില്‍പന കുറവ് ഫാം ഉടമകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ദിവസവും ഫാമില്‍നിന്ന് കോഴികളെ കൊണ്ടുപോയിരുന്ന സ്ഥാനത്ത് ആഴ്ചയില്‍ ഒരു ദിവസവും മറ്റുമായി ചുരുങ്ങുന്നുവെന്ന് ഫാമുകളില്‍നിന്നും കോഴി വാങ്ങി കച്ചവടക്കാര്‍ക്ക് എത്തിക്കുന്ന പനമരത്തെ ഒരു ഇടനിലക്കാരന്‍ പറയുന്നു. കച്ചവടമാകുമ്പോള്‍ ലാഭമുണ്ടാകണമല്ളോ എന്നാണ് ഇതേക്കുറിച്ച് ഒരു വില്‍പനക്കാരന്‍െറ മറുപടി. ജില്ലയില്‍ ചെറുതും വലുതുമായി 500 ഓളം ഫാമുകളുണ്ട്. ഇവരുടെ സംഘടന ശക്തമായിരുന്നെങ്കിലും ഇപ്പോള്‍ സജീവമല്ലാത്തത് കച്ചവടക്കാര്‍ക്ക് ഗുണമാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.