ഇഴജന്തുക്കള്‍ക്ക് താവളമൊരുക്കി പഴയ ഹോസ്റ്റല്‍ കെട്ടിടം

അമ്പലവയല്‍: അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത് ലക്ഷങ്ങള്‍ മൂല്യമുള്ള കെട്ടിടം. അഞ്ചുവര്‍ഷം മുമ്പ് എഴുപതിലധികം കുട്ടികള്‍ എല്ലാ സൗകര്യങ്ങളോടുംകൂടി ഉപയോഗിച്ചിരുന്ന ട്രൈബല്‍ ലേഡീസ് ഹോസ്റ്റലാണ് സാമൂഹിക വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയത്. നാലുകെട്ടിന്‍െറ ആകൃതിയില്‍ നിര്‍മിച്ച് ഓടുപതിച്ച വൃത്തിയുള്ള കെട്ടിടമാണ് അധികൃതരുടെ അവഗണന കാരണം നശിച്ചുതീരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടികവര്‍ഗ പെണ്‍കുട്ടികളില്‍ അഞ്ചാം തരം മുതല്‍ 10 വരെയും അത്യാവശ്യമെങ്കില്‍ പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കും ഉപയോഗിക്കാന്‍ തക്കരീതിയില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചത്. പുതിയ കെട്ടിടത്തിലേക്ക് ഹോസ്റ്റല്‍ മാറിയതോടെ പഴയ കെട്ടിടവും ഇതോടനുബന്ധിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച 60,000 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും നോക്കുകുത്തിയായി. പഴയ കെട്ടിടത്തിന് ചുറ്റും മതില്‍ നിര്‍മിച്ച് മൂന്നിലധികം ഭാഗത്ത് ഇരുമ്പുഗേറ്റ് ഘടിപ്പിച്ച് താഴിട്ട് പൂട്ടിയിട്ടിട്ടുണ്ടെങ്കിലും മതിലിന്‍െറ ഒരുവശം തകര്‍ന്നുകിടക്കുന്നതിനാല്‍ കെട്ടിടത്തിന്‍െറ പിറകുവശത്തെ വാതില്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍ കെട്ടിടത്തിനകത്ത് പ്രവേശിക്കുകയും വാട്ടര്‍ റീഡിങ് മീറ്ററടക്കം മുറിച്ചു കൊണ്ടുപോകുകയും കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഒമ്പതോളം ശുചിമുറികള്‍, വലിയ അടുക്കള, ഭക്ഷണം കഴിച്ചിരുന്ന ഹാള്‍, വിദ്യാര്‍ഥികള്‍ കിടക്കാന്‍ ഉപയോഗിച്ചിരുന്ന വലിയ ഹാള്‍, മരംകൊണ്ട് നിര്‍മിച്ച കട്ടിലുകള്‍, ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന മേശ എന്നിവയെല്ലാം നശിക്കുകയാണ്. ഇതിനിടെ, നാലുവര്‍ഷം മുമ്പ് കെട്ടിടം അമൃദിന് കൈമാറുന്നതിന്‍െറ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ടൈല്‍ പതിക്കുന്നത് അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ജില്ലയിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിടമില്ലാത്തത് തടസ്സമാകുമ്പോഴാണ് നിരവധി വിദ്യാര്‍ഥികള്‍ എല്ലാ സൗകര്യങ്ങളോടുംകൂടി ഉപയോഗിച്ചിരുന്ന കെട്ടിടം അര പതിറ്റാണ്ടായി ആര്‍ക്കും വേണ്ടാതെ നശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.