ആനക്കലിയില്‍ വനാതിര്‍ത്തി ഗ്രാമങ്ങള്‍; എന്തുചെയ്യണമെന്നറിയാതെ വനംവകുപ്പ്

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുകയും ആളുകളെ ഉപദ്രവിക്കുകയും ചെയ്തതോടെ ചുള്ളിയോട്, കോളിയാടി, മാടക്കര, താളൂര്‍ എന്നിവിടങ്ങളിലെ ആളുകള്‍ ഭീതിയിലായി. ഞായാറാഴ്ച ഗുണ്ടില്‍ പേട്ട സ്വദേശിയെ ആന കുത്തിക്കൊന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഇതേ ആനതന്നെ ഉച്ചയോടെ പാട്ടവയലിലത്തെി. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആനയെ ഓടിക്കുകയായിരുന്നു. ചൊവ്വാഴ്ച ആന വീണ്ടും കോളിയാടിയിലത്തെി. ഇതോടെയാണ് നാട്ടുകാര്‍ സൂചനയായി റോഡ് ഉപരോധം നടത്തിയത്. ആനയെ മയക്കുവെടി വെച്ച് പിടിക്കണമെന്നും കാടും നാടും വേര്‍തിരിക്കണവുമെന്നാണ് നാട്ടുകാരുടെ ആവശ്യം. കല്ലൂരില്‍ ആനയെ വെടിവെച്ചു പിടിച്ചതിന്‍െറ കോലാഹലങ്ങളില്‍പെട്ട് വലയുമ്പോഴാണ് വനംവകുപ്പിന് മുന്നില്‍ വീണ്ടും ആനപ്രശ്നം എത്തുന്നത്. ആനയെ തുരത്താനായില്ളെങ്കില്‍ നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും കാര്യങ്ങള്‍ കൈവിട്ടുപോകുകയും ചെയ്യും. എന്നാല്‍, നാട്ടുകാര്‍ ആവശ്യപ്പെടുന്നതുപോലെ ഒരാനയെക്കൂടി മയക്കുവെടിവെച്ച് പിടിക്കാന്‍ വനംവകുപ്പ് ഒരിക്കലും തയാറാകില്ല. അതിനാല്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി ആനയെ ജനവാസ കേന്ദ്രത്തിലിറങ്ങാതെ ശ്രദ്ധിക്കുക മാത്രമാണ് വനംവകുപ്പിന് മുന്നിലെ മാര്‍ഗം. നാമമാത്രമായ ഉദ്യോഗസ്ഥരെക്കൊണ്ട് കാവല്‍ ശക്തമാക്കാനും സാധിക്കില്ല. വേനല്‍ കനത്തതോടെ ബന്ദിപ്പൂര്‍, മുതുമല എന്നീ വനമേഖലകളില്‍നിന്നും വന്യമൃഗങ്ങള്‍ കൂട്ടത്തോടെ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലത്തെി. ഇതോടെ, വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തിലേക്കും ഇറങ്ങാന്‍ തുടങ്ങി. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ പല സ്ഥലങ്ങളിലും കാട്ടാന ശല്യം രൂക്ഷമായതിനാല്‍ വിദ്യാര്‍ഥികളെപ്പോലും സ്കൂളിലയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്. ഓരോ വര്‍ഷം കഴിയുന്തോറും വന്യമൃഗങ്ങളുടെ എണ്ണം കൂടി വരുന്നതിനനുസരിച്ച് പ്രശ്നങ്ങളും ഏറിവരുന്നു. ജനങ്ങളുടെയും വന്യമൃഗങ്ങളുടെയും ഇടയില്‍ കുടുങ്ങി എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.