കുടിവെള്ളമെടുക്കുന്നതിന് വിലക്ക്: കോറിക്കുന്ന് കോളനിക്കാര്‍ ദാഹജലത്തിന് നെട്ടോട്ടത്തില്‍

കല്‍പറ്റ: സ്വകാര്യവ്യക്തികള്‍ കുടിവെള്ളമെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കോറിക്കുന്ന് കോളനിക്കാര്‍ ദാഹജലത്തിനായി നെട്ടോട്ടമോടുന്നു. പുതാടി പഞ്ചായത്തിലെ 19ാം വാര്‍ഡ് കോറിക്കുന്ന് കോളനിക്കാരാണ് വേനലത്തെും മുമ്പേ കുടിവെള്ളത്തിനായി ദുരിതമനുഭവിക്കുന്നത്. പണിയ വിഭാഗത്തില്‍പെട്ട ഏഴു കുടുംബങ്ങളിലായി 35ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് പുതാടി പഞ്ചായത്തിലെ താന്നിക്കുന്ന് കോളനിയില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരാണിവര്‍. കോളനിയില്‍ കുടിവെള്ള പദ്ധതികള്‍ ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി സമീപപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യവ്യക്തിയുടെ കുത്തനെയുള്ള കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന കിണറില്‍നിന്നാണ് വെള്ളമെടുക്കുന്നത്. വേനല്‍ കടുത്തതോടെ ഇവിടത്തെ കുടിവെള്ളം ഏതാണ്ട് വറ്റിവരണ്ടിരിക്കുന്ന സ്ഥിതിയിലാണുള്ളത്. കോളനിക്ക് തൊട്ടടുത്തായി പഞ്ചായത്ത് കിണര്‍ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും ആദിവാസികളായ കുടുംബങ്ങള്‍ ഇവിടെനിന്ന് വെള്ളമെടുക്കുന്നത് പ്രദേശത്ത് താമസിക്കുന്ന മറ്റു ചിലര്‍ എതിര്‍ക്കുന്നതായി പറയുന്നു. കോളനിക്ക് പുറമെ 22 ഓളം ജനറല്‍ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ ഈ കിണറില്‍ നിന്ന് മോട്ടോര്‍വഴി വെള്ളം പമ്പുചെയ്ത് ഉപയോഗിച്ചുവരുന്നുണ്ട്. ഇതിനുപുറമേ മറ്റു വിഭാഗക്കാര്‍ വെള്ളമെടുത്താല്‍ തങ്ങള്‍ ദുരിതത്തിലാകുമെന്നു ചൂണ്ടിക്കാട്ടിയാണ് വെള്ളമെടുക്കുന്നതിനെ മറ്റുള്ളവര്‍ എതിര്‍ക്കുന്നത്. പ്രശ്നം പഞ്ചായത്തിനെ അറിയിച്ചതു പ്രകാരം കഴിഞ്ഞ ജനുവരിയില്‍ വാട്ടര്‍ അതോറിറ്റി ജലനിധി പൈപ്പുവഴി വെള്ളം വിട്ടുതന്നെങ്കിലും നാലുദിവസമാണ് ആകെ ലഭിച്ചത്. കലക്ടര്‍ക്കും ട്രൈബല്‍ വകുപ്പിനും പരാതി നല്‍കിയിട്ടും ബന്ധപ്പെട്ട പ്രതിനിധികള്‍ ഈ വിഷയത്തില്‍ ഇടപെടലുകള്‍ വൈകിപ്പിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.