തളിപ്പുഴ മത്സ്യ വിത്തുല്‍പാദനകേന്ദ്രത്തിന് ശിലയിട്ടു: പ്രതിവര്‍ഷം 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കും

കല്‍പറ്റ: തളിപ്പുഴയില്‍ 165 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ജില്ല മത്സ്യവിത്തുല്‍പാദന കേന്ദ്രത്തിന്‍െറ ശിലാസ്ഥാപനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. അലങ്കാര മത്സ്യകൃഷി മേഖലയില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും. ജില്ലയിലെ പ്രയാസമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഉള്‍നാടന്‍ മത്സ്യകൃഷിയും അലങ്കാര മത്സ്യകൃഷിയും അധികവരുമാനത്തിന് ആശ്രയിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഉല്‍പാദിപ്പിച്ച മത്സ്യങ്ങളുടെ വിപണനത്തിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കും. മത്സ്യകൃഷിക്ക് നബാര്‍ഡ് കൂടുതല്‍ വായ്പ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അലങ്കാര മത്സ്യകൃഷിക്ക് ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും പ്രത്യേകം പ്രോജക്ട് തയാറാക്കണം. ഇതുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് ശ്രമിക്കുകയും വേണം. മത്സ്യകൃഷി ചെയ്യുന്ന കുളങ്ങളും ടാങ്കുകളും അടച്ചുവെക്കാനുള്ള വല സബ്സിഡി നിരക്കില്‍ മത്സ്യഫെഡ് നെറ്റ്ഫാക്ടറിയില്‍നിന്ന് ലഭ്യമാക്കും. വയനാട്ടില്‍ കാലാവസ്ഥ തിരിച്ചുപിടിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളിലൊന്നാണ് മത്സ്യകൃഷിയെന്ന് അവര്‍ പറഞ്ഞു. കാര്‍പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാള്‍, സൈപ്രിനസ്, ഗ്രാസ്കാര്‍പ് തുടങ്ങിയ പ്രേരിത പ്രജനനം വഴി ഉല്‍പാദിപ്പിക്കുന്ന മത്സ്യങ്ങളാണ് തളിപ്പുഴയില്‍ വിളയിക്കുക. പ്രതിവര്‍ഷം 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ ഉല്‍പാദിപ്പിക്കാനാവും. ഇതിനായി വ്യത്യസ്ത വലുപ്പത്തിലുള്ള 44 ടാങ്കുകള്‍ ഉള്‍ക്കൊള്ളുന്നതാണ് നിര്‍ദിഷ്ട ഹാച്ചറി. ഇതിനുപുറമെ ജലശേഖരണത്തിന് ടാങ്കുകള്‍, കിണര്‍, ചുറ്റുമതില്‍ എന്നിവയും നിര്‍മിക്കും. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ വയനാട്ടിലെയും സമീപജില്ലകളിലെയും കൃഷിക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാവും. പൂക്കോട് തടാകത്തില്‍ തദ്ദേശീയ മത്സ്യങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച അക്വാപാര്‍ക്കിന്‍െറ ഉദ്ഘാടനവും മത്സ്യത്തൊഴിലാളി വനിതകള്‍ ആരംഭിച്ച സാഫ് സീഫുഡ് കിച്ചന്‍െറ ഒന്നാം വാര്‍ഷികാഘോഷ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, കല്‍പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, തീരദേശ വികസന കോര്‍പറേഷന്‍ റീജനല്‍ മാനേജര്‍ കെ. രഘു, വൈത്തിരി പഞ്ചായത്ത് പ്രസിഡന്‍റ് വി. ഉഷാകുമാരി, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ കെ. മിനി, അനില തോമസ്, മെംബര്‍ പി.എന്‍. വിമല എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.