ചേമ്പിലോട് കോളനിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു

മാനന്തവാടി: വേനല്‍ കടുത്തതോടെ ഒരു കോളനിയിലെ സ്ത്രീകള്‍ മുഴുവന്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. എടവക ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചേമ്പിലോട്ട് വലിയകുന്ന് കോളനിവാസികളാണ് വലയുന്നത്. പണിയവിഭാഗത്തില്‍പ്പെട്ട 10 കുടുംബങ്ങളാണ് ഒരു പതിറ്റാണ്ടായി റവന്യൂ പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിച്ചുവരുന്നത്. നിരവധി ബുദ്ധിമുട്ടുകള്‍ ഇവര്‍ക്കുണ്ടെങ്കിലും കുടിവെള്ളമാണ് ഇവരുടെ പ്രധാന പ്രശ്നം. കോളനിയില്‍ കിണറോ, മറ്റ് കുടിവെള്ള സംവിധാനങ്ങളോ ഇല്ല. ഒരു കി.മീറ്റര്‍ ദൂരെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കേണിയില്‍നിന്നാണ് കുന്നിന്‍മുകളിലെ കോളനിയിലേക്ക് തലയില്‍ ചുമന്ന് വെള്ളമത്തെിക്കുന്നത്. വേനല്‍ ശക്തമാകുന്നതോടെ കേണിയിലെ വെള്ളവും വറ്റും. മഴക്കാലത്ത് റോഡില്‍നിന്ന് വെള്ളമൊഴുകിയിറങ്ങി കേണി ഇടിഞ്ഞുപോകും. വര്‍ഷാവര്‍ഷം കോളനിവാസികള്‍ കേണി വൃത്തിയാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കോളനിക്ക് കുറച്ചകലെയായി ജലനിധിയുടെ പൈപ്പും പഞ്ചായത്ത് കിണറും ഉണ്ടെങ്കിലും തങ്ങള്‍ക്ക് വെള്ളമത്തെിക്കാന്‍ യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ളെന്ന് കോളനിയിലെ കുടുംബങ്ങള്‍ പറഞ്ഞു. മഴക്കാലത്ത് കോളനിയോടുചേര്‍ന്ന് മഴക്കുഴി തീര്‍ത്ത് വെള്ളമുപയോഗിക്കുകയാണ് ചെയ്യുന്നത്. താമസിക്കാന്‍ സുരക്ഷിതമായ വീടും ഇവര്‍ക്കില്ല. ഷീറ്റുകൊണ്ട് മറച്ച കൂരക്കുള്ളിലാണ് ഇവരുടെ താമസം. വര്‍ഷങ്ങളായി ഇവിടെ താമസിച്ച് വരുന്ന ഇവര്‍ക്ക് കൈവശരേഖയും ലഭിച്ചിട്ടില്ല. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും കൈവശരേഖ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബങ്ങള്‍. ഒപ്പം ഈ വേനല്‍ക്കാലത്തെങ്കിലും കുടിവെള്ളത്തിനായുള്ള അലച്ചില്‍ ഒഴിവാക്കാന്‍ അധികൃതര്‍ക്ക് ദയയുണ്ടാകണമെന്നാണ് ഇവരുടെ പ്രധാനാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.