കല്പറ്റ: ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കന്‍ഡറി സ്കൂൾ അധ്യാപിക സിസ്റ്റർ ലൂസിയെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് 2016 നവംബര്‍ ഒന്നിന് വേല വിലക്ക് കല്പിച്ച സ്കൂൾ മാനേജരുടെ നടപടി റദ്ദാക്കിയ വയനാട് ജില്ല വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ശരിവെച്ചതായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. സിസ്റ്റര്‍ ലൂസിയുടെ സസ്പെന്ഷന് റദ്ദാക്കിയതിനെതിരെ സ്കൂള്‍ മാനേജർ വിദ്യാഭ്യാസ മന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് ഇരു ഭാഗത്തിെൻറയും വാദം കേട്ടശേഷമാണ് പുതിയ ഉത്തരവ്. അധ്യാപികക്കെതിരെ മാനേജരും പ്രധാനാധ്യാപികയും ഉന്നയിക്കുന്ന ആരോപണങ്ങളിൽ നിയമാനുസൃതം അന്വേഷണം നടത്തുന്നതിന് വേല വിലക്ക് കൽപിക്കേണ്ടതില്ലെന്ന് ഉത്തരവിൽ പറയുന്നു. ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര അധ്യാപികയായി 20 വര്‍ഷമായി സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ ലൂസിക്കെതിരെ പരാതി ഉന്നയിക്കപ്പെടുന്നത് നിലവിലെ പ്രധാനാധ്യാപിക ചുമതല ഏറ്റെടുത്തശേഷം മാത്രമാണ്. പ്രധാനാധ്യാപികയുടെ നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വ്യക്തി വൈരാഗ്യമാണ് അച്ചടക്ക നടപടിക്ക് പിന്നിലെന്ന സിസ്റ്റർ ലൂസിയുടെ വാദം അംഗീകരിച്ചാണ് അനുകൂല നടപടി. ജില്ല വിദ്യാഭ്യാസ ഓഫിസറുടെ നടപടിക്കെതിരായ സ്കൂൾ മാനേജരുടെ അപ്പീൽ നേരത്തേ വയനാട് വിദ്യാഭ്യാസ ഉപ ഡയറക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും തള്ളിയിരുന്നു. സിസ്റ്റര്‍ ലൂസിയുടെ സസ്പെന്ഷൻ റദ്ദാക്കിയത് ശരിവെച്ച സര്‍ക്കാർ നടപടി കെ.എസ്.ടി.എ ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു. സിസ്റ്റര്‍ ലൂസിക്കെതിരായ പകപോക്കൽ നടപടികളില്‍നിന്ന് സ്കൂൾ മാനേജർ പിന്മാറണം. സസ്പെന്ഷൻ കാലത്തെ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പി.സി. വത്സല അധ്യക്ഷത വഹിച്ചു. എന്‍.എ. വിജയകുമാര്‍, വി.എ. ദേവകി, പി.ജെ. ബിനേഷ്, സി.ഡി. സാംബവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.