വേ​ന​ൽ​മ​ഴ​യി​ലും മാ​റ്റ​മി​ല്ലാ​തെ ബാ​ണാ​സു​ര​യി​ലെ ജ​ല​നി​ര​പ്പ്​

കൽപറ്റ: വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴയുടെ സാന്നിധ്യമുണ്ടായിട്ടും ബാണാസുരസാഗർ അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വ്യതിയാനമില്ല. കക്കയം ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ബാണാസുരസാഗർ ഡാമിെൻറ ജലസംഭരണശേഷി 209 എം.എം.സി (മില്യൺ മീറ്റർ ക്യൂബ്) ആണ്. സുമാർ 68 എം.എം.സി വെള്ളമാണ് ഇപ്പോഴുള്ളത്. 61.44 ചതുരശ്ര കിലോമീറ്റർ വരുന്ന വൃഷ്ടിപ്രദേശങ്ങളിൽ മൂന്നും നാലും വേനൽമഴ ലഭിച്ചിട്ടും ഈ നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ബാണാസുര മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാൻതോടിനു കുറുകെ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2,000 അടി ഉയരത്തിലാണ് ബാണാസുരസാഗർ ഡാം. 850 മീറ്ററാണ് നീളം. ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനുമായി 1979ൽ വിഭാവനം ചെയ്ത പദ്ധതിക്കായി 224 ഹെക്ടർ വനം ഉൾപ്പെടെ 1,604 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. 7.2 ടി.എം.സി സംഭരണശേഷിയുള്ളതിൽ 1.7 ടി.എം.സി ജലസേചനത്തിനും ബാക്കി വൈദ്യുതി ഉൽപാദനത്തിനും വിനിയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ഡാമിലെ ജലം കക്കയത്ത് എത്തിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും കരമാൻതോട് തടത്തിൽ 3,200 ഹെക്ടറിലും കുറ്റ്യാടി തടത്തിൽ 5,200 ഹെക്ടറിലും ജലസേചനമെന്ന ലക്ഷ്യം എങ്ങുമെത്തിയില്ല. പദ്ധതിയുടെ ഭാഗമായി നിർമിച്ച കനാലുകളും നീർപ്പാലങ്ങളും നോക്കുകുത്തികളായ വാർത്ത മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വരൾച്ചയുടെയും ജലക്ഷാമത്തിെൻറയും പശ്ചാത്തലത്തിൽ ദിവസം 25,000 മീറ്റർ ക്യൂബ് വെള്ളം ഇവിടെനിന്ന് തുറന്നുവിടുന്നുണ്ട്. മുമ്പ് മഴക്കാലങ്ങളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതിനെത്തുടർന്ന് രണ്ടും മൂന്നും തവണ അണക്കെട്ടിെൻറ ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കിയിരുന്നു. കഴിഞ്ഞ വർഷം കാലവർഷത്തിലും തുലാവർഷത്തിലും മഴ ദുർലഭമായതിനാൽ ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കേണ്ടിവന്നിട്ടില്ല. വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി വേനൽമഴ ലഭിച്ചാലേ ജലവിതാനം ഉയരൂവെന്ന അവസ്ഥയിലാണിപ്പോൾ. ജലനിരപ്പ് ഇനിയും കുറയുന്നത് വൈദ്യുതി ഉൽപാദനത്തെ ബാധിക്കുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ അണക്കെട്ടിലുള്ള വെള്ളം 93.5 മില്യൺ യൂനിറ്റ് വൈദ്യുതി ഉൽപാദനത്തിനാണ് തികയുക. കക്കയം അണക്കെട്ടിലേക്ക് ബാണാസുരസാഗർ അണക്കെട്ടിൽനിന്ന് ഇപ്പോൾ പ്രതിദിനം ഒരു എം.എം.സി വെള്ളമാണ് തുരങ്കത്തിലൂടെ ഒഴുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.