വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷം; അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ വീ​ണ്ടും ഏ​റു​മാ​ട​ങ്ങ​ൾ

പുൽപള്ളി: വനാതിർത്തി ഗ്രാമങ്ങളിൽ വീണ്ടും ഏറുമാടങ്ങൾ ഉയരുന്നു. വന്യജീവി ശല്യം വർധിച്ചതാണ് ഇതിന് പ്രധാന കാരണം. മുമ്പെല്ലാം കുടിയേറ്റ കാലഘട്ടത്തിലായിരുന്നു ഏറുമാടങ്ങൾ ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി കണ്ടിരുന്നത്. അന്ന് വന്യജീവി ശല്യം രൂക്ഷമായിരുന്നു. കാലംമാറിയതോടെ ഏറുമാടങ്ങൾ അപ്രത്യക്ഷവുമായി. കഴിഞ്ഞ കുറേനാളുകളായി വനാതിർത്തി പ്രദേശങ്ങളിലെല്ലാം വന്യജീവിശല്യം വീണ്ടും വർധിച്ചിരിക്കുകയാണ്. ആനയും മാനും കാട്ടുപന്നിയും അടക്കമുള്ള മൃഗങ്ങൾ പതിവായി കൃഷിയിടങ്ങളിലേക്കിറങ്ങുന്നു. ഇവ നിത്യവും ഉണ്ടാക്കുന്നത് വൻ കൃഷിനാശമാണ്. ഈ സാഹചര്യത്തിൽ കർഷകർ കൃഷിയിടങ്ങളിൽ ഏറുമാടങ്ങൾ കെട്ടി കാവലിരിക്കുകയാണ്. പലപ്പോഴും കാട്ടാനയടക്കം കൃഷിയിടങ്ങളിലിറങ്ങുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ. ലൈറ്റ് തെളിച്ചും പടക്കം പൊട്ടിച്ചുമെല്ലാം ഇവയെ തുരത്താൻ നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും വിജയിക്കാറില്ല. കർണാടക വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മരക്കടവ്, കൊളവള്ളി, ചാമപ്പാറ പ്രദേശങ്ങളിൽ വന്യമൃഗശല്യം അനുദിനം രൂക്ഷമാവുകയാണ്. കർണാടക വനത്തിൽ സമീപകാലത്തുണ്ടായ കാട്ടുതീ വന്യജീവികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. തീറ്റയും വെള്ളവും തേടി കാട്ടുമൃഗങ്ങൾ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുകയാണ്. കർണാടക വനത്തിൽനിന്നിറങ്ങുന്ന വന്യജീവികൾ ഉണ്ടാക്കുന്ന കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരവും കർഷകർക്ക് ലഭിക്കുന്നില്ല. കൃഷിമേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് വനാതിർത്തി ഗ്രാമങ്ങളിലുള്ളവർ. ഇവരുടെ നിലനിൽപ്പുതന്നെ അപകടത്തിലാവുന്ന തരത്തിലായിരിക്കുന്നു വന്യജീവിശല്യമിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.