ബ​ത്തേ​രി​യി​ലെ ന​ട​പ്പാ​ത പ​ണി തീ​രും മു​മ്പേ പൊ​ളി​യുന്നു

സുല്‍ത്താന്‍ ബത്തേരി: രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ നഗരത്തിലെ നടപ്പാത നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കിയില്ലെങ്കിലും പണി തീര്‍ന്ന ഭാഗങ്ങള്‍ പൊളിയാന്‍ തുടങ്ങി. ട്രാഫിക് ജങ്ഷന് സമീപത്തായാണ് നടപ്പാതയുടെ കോണ്‍ക്രീറ്റ് പൊളിഞ്ഞു തുടങ്ങിയത്. നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, അപാകതകളൊന്നും പരിഹരിക്കാതെ നടപ്പാത നിര്‍മാണം തുടരുകയായിരുന്നു. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. നടപ്പാതയുടെ എല്ലാ പണികളും പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചെങ്കിലും ഏപ്രില്‍ ആയിട്ടും പണി പൂര്‍ത്തയായില്ല. മാത്രമല്ല പലയിടത്തും കോണ്‍ക്രീറ്റും ടൈലുകളും പൊട്ടാനും തുടങ്ങി. ചുങ്കം മുതല്‍ കോട്ടക്കുന്നുവരെയുള്ള ഭാഗത്ത് കൈവരി പിടിപ്പിക്കാനും ടൈലുകള്‍ പതിപ്പിക്കാനുമുണ്ട്. ഗണപതി അമ്പലത്തിന് മുന്നില്‍ ഓവുചാലിെൻറ രണ്ടറ്റവും കൂട്ടിമുട്ടിയതുമില്ല. ഇവിടെയുള്ള ഇലക്ട്രിക് പോസ്റ്റ് മാറ്റിസ്ഥാപിക്കാത്തതിനെത്തുടര്‍ന്നാണ് ഓവുചാല്‍ നിര്‍മിക്കാന്‍ സാധിക്കാതെ വന്നത്. ഓവുചാലിനായി നിര്‍മിച്ച കുഴിയില്‍ വീണ് നിരവധി ആളുകള്‍ക്ക് പരിക്കു പറ്റി. പലരുടേയും കാലൊടിയുകയും ചെയ്തു. തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് ഓവുചാലിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തത്. നടപ്പാതയില്‍ വിരിച്ച ടൈലുകളുടെ നിറത്തെച്ചൊല്ലിയും ഗുണനിലവാരത്തെച്ചൊല്ലിയുമാണ് പിന്നീട് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതോടെ നടപ്പാത നിര്‍മാണം രാഷ്ട്രീയവത്കരിച്ചു. നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തരും പ്രക്ഷോഭം തുടങ്ങിയാല്‍ കരാറുകാരന്‍ ഒന്നോ രണ്ടോ ആളുകളെ നിര്‍ത്തി ഒരാഴ്ച പണിയെടുപ്പിക്കും. പിന്നെ മഷിയിട്ട് നോക്കിയാല്‍ പോലും ആരെയും കാണില്ല. ജനുവരി ആദ്യവാരം ചേര്‍ന്ന അവലോകന യോഗത്തില്‍ ദേശീയപാത എന്‍ജിനീയറുടെ സാന്നിധ്യത്തിലാണ് ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്ന് കരാറുകാരന്‍ ഉറപ്പു പറഞ്ഞത്. അതിനുശേഷം പണി തുടര്‍ന്നെങ്കിലും അധികം വൈകാതെ തന്നെ അവസാനിപ്പിച്ചു. രണ്ടുമാസത്തോളമായി യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.