സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റിനു സമീപം ലോറി ഡ്രൈവറുടെ കാല്‍ സമരാനുകൂലികള്‍ തല്ലിയൊടിച്ചു. വെസ്റ്റ്ലൈന്‍ പാര്‍സല്‍ സർവിസ് കമ്പനിയുടെ ലോറി ഡ്രൈവറായ തൃശൂര്‍ സ്വദേശി പാപ്പാളില്‍ എല്‍ദോ ജോസഫി (37)െൻറ കാലാണ് തല്ലിയൊടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി മുത്തങ്ങയില്‍ ഒരുകൂട്ടം ആള്‍ക്കാര്‍ തടഞ്ഞു. ലോറി നിര്‍ത്തിയ ഉടൻ എല്‍ദോയെ വലിച്ചിറക്കി അടിക്കുകയായിരുന്നു. മാരകായുധംകൊണ്ട് കാല്‍ തല്ലിയൊടിച്ച ശേഷം സംഘം കടന്നുകളഞ്ഞു. അബോധാവസ്ഥയില്‍ ഏറെ നേരം റോഡില്‍ കിടന്ന ഇയാളെ ഓട്ടോയിലെത്തിയ ആളുകള്‍ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലോറിയുടെ കാറ്റ് ഊരി വിടുകയും ചില്ല് പൊട്ടിക്കുകയും ചെയ്തു. ലോറിയില്‍നിന്ന് പണവും നഷ്ടപ്പെട്ടുവെന്ന് ഉടമ സുനില്‍ പറഞ്ഞു. 20 പേര്‍ക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തു. മൂലങ്കാവ് സ്വദേശികളായ പിലാത്തറയില്‍ ജംഷീര്‍ (30), പാലാര്‍ മുനീര്‍ (21), ചീരാല്‍ കോടതിപ്പടി ഖാലിദ് (31) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈസൂരുവിൽനിന്ന് വന്ന മറ്റൊരു ലോറിഡ്രൈവറെ തിരുനെല്ലിയില്‍ മര്‍ദിച്ച കേസില്‍ ബത്തേരി സ്വദേശി നൗഷാദിെന (35) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നിരവധി ലോറികളുടെ കാറ്റ് സമരാനുകൂലികള്‍ അഴിച്ചു വിട്ടിരുന്നു. സമരം തുടങ്ങിയ മാര്‍ച്ച് 30ന് ലോറികള്‍ സമരക്കാര്‍ തടഞ്ഞു. വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെത്തുടര്‍ന്ന് ലോറികള്‍ പറഞ്ഞയക്കുകയായിരുന്നു. പിന്നീട് ഇടവിട്ട ദിവസങ്ങളില്‍ ലോറി തടയുകയും അധികം വൈകാതെതന്നെ വിട്ടയക്കുകയും ചെയ്തിരുന്നു. കേസിലെ മറ്റുപ്രതികളെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.