കൽപറ്റ: വാർഷിക പരീക്ഷകൾ കഴിഞ്ഞ് മധ്യവേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ ജില്ലയിലെ പ്രകൃതി-പൈതൃകങ്ങൾ കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. രണ്ടുമാസം നീളുന്ന ആഘോഷങ്ങൾക്കായി കുട്ടികളുമൊത്ത് കുടുംബങ്ങളായി എത്തുന്നവരാണ് സഞ്ചാരികളിൽ ഭൂരിഭാഗവും. ജില്ലയിലെ പ്രധാന വിനോദകേന്ദ്രങ്ങളായ ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം, മീൻമുട്ടി വെള്ളച്ചാട്ടം, ഇടക്കൽ ഗുഹ, കറലാട് തടാകം തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമേ ജില്ലയിലെ ടൂറിസംമാപ്പിൽ ഇടംപിടിക്കാത്ത ചുരങ്ങളും മലകളും പുഴകളുമടക്കം വരുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വേനൽ കനത്തതോടെ കാട്ടുതീ ഭീഷണിമൂലം ചെമ്പ്ര പീക്ക് അടക്കമുള്ള സ്ഥലങ്ങളിൽ താൽകാലികമായി പ്രവേശനം നിറുത്തിയതും എഷ്യയിലെ ഏറ്റവും രണ്ടാമത്തെ എർത്ത് ഡാമിെൻറ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളം കുറഞ്ഞതും ഇത്തവണ സഞ്ചാരികൾക്ക് നിരാശയായിട്ടുണ്ട്. എങ്കിലും സ്ഥലങ്ങൾ നേരിട്ട് കാണുകയും ബോട്ടിങ് ആസ്വദിക്കുകയും ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇത്തവണ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കു പുറമെ കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരും വിദേശ ടൂറിസ്റ്റുകളുമാണ് ഡാമിൽ കൂടുതലായും എത്തുന്നത്. ടൂറിസ്റ്റ് ബസുകളിലും മറ്റു വലിയ വാഹനങ്ങളിലുമായി സഞ്ചാരികൾ കൂടുതലായും എത്തുന്നത് കണക്കിലെടുത്ത് പാർക്കിങ്ങിനായും ഗതാഗതതടസ്സം ഒഴിവാക്കുന്നതിനുമായി വിപുലമായ സംവിധാനങ്ങളാണ് പല ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് നോട്ട് പ്രതിസന്ധിമൂലം താമസക്കാർ കുറഞ്ഞത് പ്രതിസന്ധിയിലായ സമീപങ്ങളിലെ റിസോർട്ടുകളിലും നല്ലതിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ടാക്സികൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവക്ക് വലിയ ഉണർവാണ് കൈവന്നിരിക്കുന്നത്. എങ്കിലും ശുദ്ധജല പൈപ്പുകളുടെ അഭാവവും ടോയ്ലറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യക്കുറവും സഞ്ചാരികളെ വലക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.