പുൽപള്ളി: വേനൽചൂടിന് ശമനം പകർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴലഭിച്ചെങ്കിലും കബനിയിലും കൈവഴികളിലും വെള്ളമായില്ല. കബനിയുടെ കൈവഴികളാണ് കന്നാരംപുഴയും കടമാൻ തോടും ബാവലി, പനമരം, മാനന്തവാടി പുഴകളും. ശക്തമായ വരൾച്ച നേരിട്ട പുൽപള്ളിയിൽ ജില്ലയിൽ മറ്റു ഭാഗങ്ങളിൽ പെയ്തത്ര മഴ ലഭിച്ചിട്ടില്ല. ഇക്കാരണത്താൽ പുൽപള്ളിയിലൂടെ കിലോമീറ്ററുകളോളം ഒഴുകി കബനിയിൽ ലയിക്കുന്ന കന്നാരംപുഴയിലും കടമാൻ തോട്ടിലും നീരൊഴുക്കിനാവശ്യമായ വെള്ളമായില്ല. കബനിയും മെലിഞ്ഞുതന്നെയാണ് ഒഴുകുന്നത്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെടുക്കുന്ന കബനി പദ്ധതിയുടെ നിലനിൽപ് കബനിയിലെ വെള്ളക്കുറവിനാൽ ആശങ്കയിലാണ്. ഒരുമാസം മുമ്പ് പഞ്ചായത്തിെൻറയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ മരക്കടവിൽ തടയണ കെട്ടിയാണ് ജലവിതരണത്തിന് ആവശ്യമായ വെള്ളം സംഭരിച്ചിരുന്നത്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. പുൽപള്ളിയിൽ പഞ്ചായത്തിെൻറ നേതൃത്വത്തിൽ ചില കേന്ദ്രങ്ങളിൽ ജലവിതരണം നടത്തുന്നുണ്ട്. എന്നാൽ, മുള്ളൻകൊല്ലിയിൽ ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ജലവിതരണം. ഈ വെള്ളമാകട്ടെ പഞ്ചായത്തിെൻറ എല്ലാ ഭാഗങ്ങളിലും എത്തുന്നുമില്ല. കാപ്പിസെറ്റ് മുതലിമാരൻ കോളനി, ചാമപ്പാറ പ്രദേശങ്ങളിൽ ദിവസങ്ങൾ കൂടുമ്പോഴാണ് വെള്ളം കൊണ്ടുവരുന്നത്. ഇക്കാരണത്താൽ പ്രേദശവാസികൾ ഏറെ ദൂരം താണ്ടിയാണ് വെള്ളം തലചുമടായും മറ്റും കൊണ്ടുവരുന്നത്. മുള്ളൻകൊല്ലിയിൽ വരൾച്ച രൂക്ഷമായിട്ടും ജലവിതരണത്തിന് അധികൃതർ മുൻകൈയെടുക്കാത്തത് വിമർശങ്ങൾക്കിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.