സുല്‍ത്താന്‍ ബത്തേരി: ഇന്‍ഷുറന്‍സ് വര്‍ധനയില്‍ പ്രതിഷേധിച്ച് ലോറി ഉടമകള്‍ നടത്തുന്ന സമരത്തെതുടര്‍ന്ന് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ ലോറി തടയുന്നത് തുടരുന്നു. അതേസമയം, വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി എത്തിയ ലോറികളെ ശനിയാഴ്ച രാത്രി കടത്തിവിട്ടു. സമരം തുടങ്ങുന്നതിന് മുമ്പ് ഉത്തരേന്ത്യയില്‍നിന്ന് ലോഡുമായി പുറപ്പെട്ട ലോറികളാണ് കടത്തിവിട്ടവയില്‍ ഏറെയും. ഞായറാഴ്ച വൈകീട്ട് വീണ്ടും ലോറികള്‍ തടയാന്‍ ആരംഭിച്ചു. ഇനി ലോഡുമായി എത്തുന്ന ലോറികളെ സമരം തീരുന്നതുവരെ കടത്തിവിടില്ലെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല ഭാരവാഹികള്‍ അറിയിച്ചു. അതേസമയം, ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി ഹൈദരാബാദില്‍ തിങ്കളാഴ്ച ലോറി ഉടമകളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും മുത്തങ്ങയില്‍ ലോറി തടയാന്‍ ആരംഭിച്ചതോടെ മുത്തങ്ങ ചെക്ക്പോസ്റ്റ് മുതല്‍ പൊന്‍കുഴി വരെ നാല് കിലോമീറ്ററോളം റോഡിനിരുവശത്തും ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വനപ്രദേശത്ത് ഏറെനേരം നിര്‍ത്തിയിടുന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കുമെന്നതിനാലാണ് ലോറികള്‍ കടത്തിവിട്ടത്. വാഹനങ്ങളിലെ പച്ചക്കറിയും മറ്റും ഭക്ഷിക്കാനായി വന്യമൃഗങ്ങള്‍ എത്താന്‍ സാധ്യതയുണ്ട്. മാത്രമല്ല ലോറി ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യമില്ല. സമരം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ടതിനാലാണ് ശനിയാഴ്ച രാത്രിയില്‍ മുത്തങ്ങയില്‍ കെട്ടിക്കിടന്ന ലോറികളെ കത്തിവിട്ടതെന്നും ഇനിവരുന്ന ചരക്കു വാഹനങ്ങളെ ഒരു കാരണവശാലും കടത്തി വിടേണ്ടതില്ലെന്നുമാണ് ലോറി ഓണേഴ്‌സ് ജില്ല വെല്‍ഫെയര്‍ അസോസിയേഷെൻറ തീരുമാനം. ഇതോടെ മലബാറിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും നിലക്കും. വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്കുള്ള പച്ചക്കറി കടന്നുപോകുന്നത് മുത്തങ്ങ വഴിയാണ്. മൈസൂരുവിൽനിന്നും ഗുണ്ടല്‍പേട്ടിൽനിന്നും ദിനേന പച്ചക്കറികള്‍ അതത് മാര്‍ക്കറ്റുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. സമരത്തെത്തുടര്‍ന്ന് പച്ചക്കറികള്‍ക്ക് വന്‍ വിലവര്‍ധനവാണുണ്ടായത്. പല കടകളിലും പഴയ സ്േറ്റാക്ക് കൂടിയ വിലക്കാണ് വിൽക്കുന്നത്. സമരം തുടര്‍ന്നാല്‍ അത്യാവശ്യത്തിന് പോലും പച്ചക്കറികള്‍ ലഭിക്കാതെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.