പുൽപള്ളി: ഈസ്റ്റർ, വിഷു ആഘോഷങ്ങളെ മദ്യത്തിൽ മുക്കാൻ കർണാടകയിൽനിന്ന് വൻതോതിൽ സ്പിരിറ്റ് കബനി വഴി കേരളത്തിലേക്ക്. ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ പരിശോധന കർശനമാകുമെന്ന തിരിച്ചറിവിെൻറ അടിസ്ഥാനത്തിലാണ് സ്പിരിറ്റും മദ്യവുമടക്കം കള്ളക്കടത്ത് നടത്തുന്നത്. കേരളത്തിൽ നിരവധി വിദേശ മദ്യവിൽപനശാലകളും ബാറുകളും ബിയർ പാർലറുകളും കള്ളുഷാപ്പുകളുമടക്കം സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് അടച്ചുപൂട്ടിയിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാനാണ് ഈ രംഗത്തുള്ളവരുടെ ശ്രമം. ആഡംബര വാഹനങ്ങളിലടക്കം പുൽപള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ ഉൗടുവഴികളിലൂടെ ലഹരി വസ്തുക്കൾ വ്യാപകമായി കടത്തുന്നുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും മറ്റു ജില്ലകളിലേക്കും ഇത് എത്തുന്നതായാണ് സൂചന. കാര്യക്ഷമമായ പരിശോധനകൾ അതിർത്തിപ്രദേശങ്ങളിൽ ഇല്ലാത്ത ദിവസങ്ങളിലാണ് ഈ വസ്തുക്കൾ കടത്തുന്നത്. കള്ളക്കടത്ത് എസ്കോർട്ട് സംഘങ്ങളുടെ അകമ്പടിയോടെയാണ്. രാത്രികാലങ്ങളിലാണ് സ്പിരിറ്റ് അടക്കമുള്ള വസ്തുക്കൾ ഉൗടുവഴികളൂടെ കടത്തിക്കൊണ്ടുപോകുന്നത്. സ്പിരിറ്റ് കടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക അറയുമുണ്ട്. പരിശോധനകളിൽ ഒറ്റനോട്ടത്തിൽ ഇത് വ്യക്തമാവുകയുമില്ല. പൊലീസ്, എക്സൈസ് സംഘങ്ങളുടെ ചെക്കിങ്ങും മറ്റും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് വിവിധ റൂട്ടുകളിലൂടെ ഇവ കടത്തുന്നത്. ഇപ്പോൾതന്നെ കർണാടക അതിർത്തി ഗ്രാമമായ മച്ചൂരിൽനിന്ന് വൻതോതിൽ സെക്കൻഡ്സ് എന്ന പേരിൽ അറിയപ്പെടുന്ന വിദേശമദ്യം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്. കർണാടകയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് അതിർത്തിയിൽ എത്തിക്കുന്ന സ്പിരിറ്റ് നിശ്ചിത േകന്ദ്രങ്ങളിൽ എത്തിച്ചുകൊടുക്കാൻ ഏജൻറുമാരുമുണ്ട്. ജില്ലയിലെതന്നെ പല കള്ളുഷാപ്പുകളിലും സ്പിരിറ്റ് കലർത്തിയ കള്ള് സുലഭമാണ്. മദ്യത്തിന് വീര്യം കൂട്ടാനാണ് സ്പിരിറ്റ് ഉപയോഗിക്കുന്നത്. കർണാടകയിൽ സ്പിരിറ്റ് ലിറ്ററിന് 150 രൂപവരെയാണ് വില. ഇത് അതിർത്തി കടക്കുന്നതോടെ വില പലയിരട്ടിയാകുന്നു. ഇതോടൊപ്പം മദ്യക്കടത്തും തകൃതിയാണ്. വില കുറഞ്ഞ മദ്യം പല ആദിവാസി കോളനികളിലും വിൽപനക്കായി എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുണ്ട്. ഇതിനുപുറമെ വൻതോതിൽ കഞ്ചാവും അതിർത്തി കടത്തി കൊണ്ടുവരുന്നുണ്ട്. കള്ളക്കടത്ത് തടയുന്നതിനായി അതിർത്തി ഗ്രാമമായ പെരിക്കല്ലൂരിൽ പൊലീസ് ഔട്ട്പോസ്റ്റ് തുറന്നിരുന്നു. ഔട്ട്പോസ്റ്റിപ്പോൾ നിർജീവാവസ്ഥയിലാണ്. രാത്രികാലങ്ങളിൽ ഡ്യൂട്ടിക്ക് ആളില്ല ഇവിടെ. പരിശോധനകൾ നിലച്ചത് കള്ളക്കടത്തുകാർക്ക് അനുഗ്രഹമായി മാറിയിരിക്കുന്നു. ലഹരികടത്ത് സംഘങ്ങളെയും സ്പിരിറ്റ് മാഫിയകളേയും അമർച്ച ചെയ്യാൻ ശക്തമായ പരിശോധനകൾ അതിർത്തി കേന്ദ്രീകരിച്ച് നടക്കണമെന്നും പെരിക്കല്ലൂരിലെ പൊലീസ് ഔട്ട്പോസ്റ്റിെൻറ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.