സുല്‍ത്താന്‍ ബത്തേരി: കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി ബത്തേരി നഗരം മുഖം മിനുക്കുന്നു. ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നിരവധി പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തി. പുതിയ സ്റ്റാന്‍ഡ്, ചുള്ളിയോട് റോഡ് എന്നിവയുടെ നവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. നാലുകോടി ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് ചുള്ളിയോട് റോഡ് നവീകരിക്കുന്നത്. ഗാന്ധി ജങ്ഷന്‍ മുതല്‍ അമ്മായിപ്പാലം മലങ്കര വരെയുള്ള മൂന്നു കിലോമീറ്റര്‍ റോഡ് വീതികൂട്ടി ടാറ് ചെയ്തു. ട്രാഫിക് ജങ്ഷന്‍ മുതല്‍ ഗാന്ധി ജങ്ഷന്‍ വരെയുള്ള 230 മീറ്റര്‍ ദൂരം ഇൻറര്‍ലോക്ക് പതിപ്പിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പഴയ ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്ത് റോഡ് പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് പതിവായതിനാലാണ് ഈ ഭാഗത്ത് ഇൻറര്‍ലോക്ക് പതിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ ബസ്സ്റ്റാന്‍ഡ് നവീകരണത്തിന് എം.എല്‍.എ ഫണ്ടാണ് ചെലവഴിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്ന് നടപ്പാതയുടെ നിര്‍മാണവും ഏറെക്കുറെ പൂര്‍ത്തിയാക്കി. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 2.72 കോടി രൂപ ചെലവഴിച്ചാണ് നടപ്പാത നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, കരാറുകാരെൻറ അനാസ്ഥമൂലം പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന രാജീവ് ഗാന്ധി ബൈപ്പാസ് നിര്‍മാണത്തിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ പാതയുടെ നിര്‍മാണം ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. മൂന്നു സംസ്ഥാനങ്ങളുടെ അതിര്‍ത്തിപട്ടണമാണ് ബത്തേരി. നിരവധി ചരക്കു വാഹനങ്ങളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും ബത്തേരിയിലൂടെയാണ് കടന്നുപോകുന്നത്. ബൈപ്പാസ് ഇല്ലാത്തതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലമില്ലാത്തതുമാണ് നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്നത്. പാര്‍ക്കിങ്ങിനായവശ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ അധികൃതര്‍. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.