അം​ഗ​പ​രി​മി​ത​നാ​യ യു​വാ​വ് നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ

പുൽപള്ളി: അംഗപരിമിതനായ യുവാവ് നീതിതേടി പൂതാടി പഞ്ചായത്ത് ഓഫിസിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചു. വീട്ടിേലക്ക് വഴി നിർമിച്ചുനൽകുമെന്ന ഉറപ്പ് അധികൃതർ പാലിക്കാത്തതിനെത്തുടർന്നാണ് ഇരുളം ചാത്തൻകോട്ട് വീട്ടിൽ ജോബിൻ സി. ജോർജ് നിരാഹാര സമരത്തിലേക്ക് തിരിഞ്ഞത്. ഇരുളത്തെ വീട്ടിലേക്കുള്ള വഴി ശരിയാക്കിത്തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറെ വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ് ജോബിൻ. റോഡ് നിർമിച്ചുനൽകുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ചാണ് യുവാവ് പഞ്ചായത്തിനു മുന്നിൽ നിരാഹാര സമരവുമായി രംഗത്തെത്തിയത്. 2013ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ജനസമ്പർക്ക പരിപാടിയിൽ ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകി. മുഖ്യമന്ത്രി ജോബിെൻറ വീട്ടിലേക്കുള്ള വഴി നിർമിച്ചുനൽകാൻ ഉത്തരവിട്ടെങ്കിലും ഇത് ചുവപ്പുനാടയിലകപ്പെട്ടു. വീണ്ടും 2015ലും പരാതി നൽകി. ഇതേതുടർന്ന് പൂതാടി പഞ്ചായത്ത് അധികൃതർ വീട്ടിലക്ക് വഴി അനുവദിക്കുമെന്ന് ഉറപ്പുനൽകി. നാളുകളോളം ഇതുമായി ബന്ധപ്പെട്ട നടപടികൾ ഒന്നും ഉണ്ടാകാത്തതിനെ തുടർന്ന് അധികൃതരെ സമീപിച്ചപ്പോൾ ഭൂമിക്ക് പട്ടയമില്ലെന്നും ഇക്കാരണത്താൽ ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്നും പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് ജില്ല കലക്ടർക്ക് അപേക്ഷ നൽകിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. 2015 ആഗസ്റ്റിൽ ജോബിൻ ജില്ല കലക്ടറേറ്റിനു മുന്നിൽ നിരാഹാരം നടത്തിയതിെൻറ അടിസ്ഥാനത്തിൽ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന്് കലക്ടർ ഉറപ്പുനൽകി. പിന്നീട് ഭരണസമിതി വീണ്ടും വഴി അനുവദിച്ചതായി വ്യക്തമാക്കി. രണ്ടരലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പകർപ്പ് വീട്ടുകാർക്ക് നൽകുകയും ചെയ്തു. ഇതിനുശേഷം ഭരണമാറ്റമുണ്ടായി. കാര്യങ്ങൾക്ക് ഒരു തീരുമാനവും ഉണ്ടായില്ല. കഴിഞ്ഞ ഡിസംബർ ആദ്യവാരം ലോക അംഗപരിമിതരുടെ ദിനത്തിൽ തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിന് മുന്നിൽ ജോബിൻ നിരാഹാര സമരം ആരംഭിച്ചു. മൂന്നാം ദിവസം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മന്ത്രി കെ.ടി. ജലീൽ ഈ വിഷയത്തിൽ ഇടപെട്ടു. വയനാട് ജില്ല കലക്ടറുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിർദേശം നൽകി. ഇതേതുടർന്ന് പൂതാടി പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ജോബിെൻറ പിതാവ് ജോർജുമായി ചർച്ചനടത്തി. 2017 മാർച്ച് 31നുള്ളിൽ വീട്ടിലേക്ക് വഴി നിർമിച്ചുനൽകാമെന്ന് രേഖാമൂലം ഇവർ ഉറപ്പു നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ഡിസംബർ ആറിന് നിരാഹാര സമരം അവസാനിപ്പിച്ചു. ഇതിനുശേഷം ആകെ നടന്നത് വഴി നിർമാണത്തിന് ആവശ്യമായ അളവുകൾ ശേഖരിക്കൽ മാത്രമാണ്. ഇക്കാര്യത്തിൽ തീരുമാനമാകുംവരെ സമരരംഗത്ത് ഉറച്ചുനിൽക്കാനാണ് ജോബിെൻറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.