സുല്‍ത്താന്‍ ബത്തേരി: സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി അംഗങ്ങള്‍ രാജിവെക്കണമെന്ന് എന്‍.സി.പി ബ്ലോക്ക് കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്യൂണ്‍, വാച്ച്മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്കായി 24 പേരെയാണ് നിയമിച്ചത്. ആറുമുതല്‍ 18 ലക്ഷം രൂപ വരെയാണ് പലരുടേയും കൈയില്‍നിന്ന് വാങ്ങിയത്. ഇതേത്തുടര്‍ന്ന് എന്‍.സി.പി മണ്ഡലം പ്രസിഡൻറ് കെ.കെ. രാജന്‍ തലശ്ശേരി എന്‍ക്വയറി കമീഷന്‍ ആന്‍ഡ് സ്പെഷൽ ജഡ്ജിന് പരാതി നല്‍കി. പരാതി നിലനില്‍ക്കുമെന്ന് കണ്ടതിനെത്തുടര്‍ന്നാണ് മാര്‍ച്ച് 28ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബാങ്ക് ഡയറക്ടര്‍മാരുടെ ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ് പണം വാങ്ങി ജോലി നല്‍കിയത്. നൂറുകണക്കിന് സഹകാരികളുടെ മക്കളെ പരീക്ഷയിലും ഇൻറര്‍വ്യൂവിലും പങ്കെടുപ്പിച്ച് വിഡ്ഢികളാക്കി. പണം കൊടുത്താണ് ജോലി നേടിയതെന്നതിന് തെളിവായുള്ള ഓഡിയോ റെക്കോര്‍ഡും അനുബന്ധ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. വ്യാജനിയമനത്തിന് കൂട്ടുനില്‍ക്കാത്ത സെക്രട്ടറിയെ മാറ്റി മുന്‍ ഭരണസമിതി ഒഴിവാക്കിയ സെക്രട്ടറിയെ വീണ്ടും നിയമിക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിെൻറ സസ്പെന്‍ഷന്‍ ലീവായാണ് പുതിയ ഭരണ സമിതി പരിഗണിച്ചിരിക്കുന്നത്. ഭരണ സമിതി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബാങ്കിന് മുമ്പില്‍ സമരം ആരംഭിക്കും. കെ.കെ. രാജന്‍, വന്ദന ഷാജു, കെ. കുഞ്ഞിക്കണ്ണന്‍, എ.കെ. രവി, റഫീഖ് ബത്തേരി, എം. പ്രകാശന്‍, ഇ.പി. വിന്‍സെൻറ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.