ചുരം താണ്ടി അബ്ദുല്ല ഡോക്ടറത്തെി; പാവങ്ങളുടെ ചികില്‍സക്കായി

സുല്‍ത്താന്‍ ബത്തേരി: ചുരത്തിനു മുകളില്‍ പച്ചമരുന്നും നാട്ടുവൈദ്യവും മാത്രം ആശ്രയമായിരുന്ന കാലത്താണ് ഡോ. കെ. അബ്ദുല്ല വയനാട്ടിലേക്ക് വണ്ടി കയറിയത്. മുറിവൈദ്യന്മാരും ചാത്തന്‍സേവക്കാരുമെല്ലാം അരങ്ങുതകര്‍ക്കുന്ന സമയത്ത് ചെറുപ്പക്കാരനായ അബ്ദുല്ല വയനാട്ടിലെ ആളുകളെ ചികിത്സിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. വയനാട്ടില്‍നിന്ന് നിരവധി രോഗികള്‍ കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയതോടെയാണ് ഇവിടെ ഡോക്ടറില്ളെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയത്. തുടര്‍ന്ന് 1965ല്‍ കോട്ടപ്പറമ്പ് ഗവ. ആശുപത്രിയില്‍നിന്ന് അദ്ദേഹം വയനാട്ടിലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി. വയനാട്ടിലേക്ക് സ്ഥലംമാറ്റംകിട്ടുന്ന ഡോക്ടര്‍മാര്‍ ഇക്കാലത്തും പെട്ടെന്ന് തന്നെ തിരിച്ചുപോവുകയാണ് പതിവ്. അപ്പോഴാണ് കാടും മേടുംതാണ്ടി ദുരിതം സ്വയം ഏറ്റെടുത്ത് വയനാട്ടിലെ പാവങ്ങളെ ചികില്‍സിക്കാനായി അബ്ദുല്ല ഡോക്ടര്‍ വയനാട്ടില്‍ എത്തുന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് അദ്ദേഹം പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് നാട്ടുകാരുടെ സ്വന്തം അബ്ദുല്ല ഡോക്ടറായി മാറി. രണ്ടുവര്‍ഷം താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വന്നപ്പോള്‍ ജോലി രാജിവെച്ചു. ചുരമിറങ്ങാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ബത്തേരിയില്‍ തന്നെ സ്വന്തമായി ആശുപത്രി തുടങ്ങി. പിതാവിന്‍െറ പേരായ കുഞ്ഞാന്‍ എന്നായിരുന്നു ആശുപത്രിക്ക് നല്‍കിയത്. 20 വര്‍ഷത്തോളം ഈ ആശുപത്രിയായിരുന്നു ജില്ലയിലെ മിക്ക ആളുകളുടേയും ആശ്രയം. പിന്നീട് ഇത് അബ്ദുല്ലാസ് ക്ളിനിക് ആക്കി മാറ്റി. ഡോക്ടറുടെ ചികിത്സയത്തെുടര്‍ന്ന് അസുഖം ഭേദമായ ആളുകളില്‍ പലരും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പിന്നെയും ഇടക്കിടെ എത്താറുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് താല്‍കാലികമായി പ്രവര്‍ത്തനം ആരംഭിച്ചത് ബീച്ചാശുപത്രിയിലായിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം രോഗികള്‍ക്കിടയിലേക്കിറങ്ങിയത്. പേരിന്‍െറ ആദ്യത്തെ അക്ഷരം ‘എ’യും രണ്ടാമത്തെ അക്ഷരം ‘ബി’യും ആയതിനാല്‍ മെഡിക്കല്‍ കോളജ് ആദ്യബാച്ചിലെ വിദ്യാര്‍ഥികളില്‍ ആദ്യം ചേര്‍ക്കപ്പെട്ട പേരും ഇദ്ദേഹത്തിന്‍െറതാണ്. ഹോസ്റ്റലിലെ ഒന്നാം നമ്പര്‍ മുറിയും അദ്ദേഹത്തിന്‍െറതായിരുന്നു. വയനാട് ജില്ലയിലെ ആദ്യത്തെ ഐ.എം.എ പ്രസിഡന്‍റ്, കോഴിക്കോട് മെഡിക്കല്‍ കോളജ് അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ‘ആതുര സേവനത്തിന്‍െറ വയനാടന്‍ ഗാഥ’ എന്ന പുസ്തകം രചിച്ചു. കൂടാതെ പല ആനുകാലികങ്ങളിലും മാസികകളിലും എഴുതാറുമുണ്ടായിരുന്നു. പേരക്കുട്ടികളും അവരുടെ ഭര്‍ത്താക്കന്മാരുമായി 11 പേര്‍ ഈ കുടുംബത്തില്‍ ഡോക്ടര്‍മാരാണ്. ബത്തേരി ടൗണിലെ വീട്ടിലായിരുന്നു സ്ഥിരതാമസം. രണ്ടുമാസം മുമ്പുവരെ അദ്ദേഹം ക്ളിനിക്കില്‍ രോഗികളെ പരിചരിക്കുന്നതില്‍ വ്യാപൃതനായിരുന്നു. ബത്തേരി ടൗണിലെ നടപ്പാതയില്‍ വീണതോടെ ആരോഗ്യ സ്ഥിതി മോശമായി. എങ്കിലും തുടര്‍ന്നും ഒരു മാസത്തോളം പതിവായി ക്ളിനിക്കില്‍ എത്തിയിരുന്നു. ഒരു മാസം മുമ്പാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു ജില്ലകളില്‍നിന്ന് വന്ന് വയനാട്ടിലെ ആശുപത്രികളില്‍ സേവനം ചെയ്യാന്‍ ഇന്നും ഡോക്ടര്‍മാര്‍ മടിക്കുമ്പോഴാണ് ഡോ. അബ്ദുല്ല ഈ നാടിനെ നെഞ്ചേറ്റിയത്. വഴി സൗകര്യം പോലുമില്ലാതിരുന്ന കാലത്ത് ഉപജീവനത്തിനു പോലും മാര്‍ഗമില്ലാതിരുന്ന ഒരുപറ്റം ആളുകള്‍ക്കിടയിലേക്കും ആദിവാസികള്‍ക്കിടയിലേക്കും ആധുനിക വൈദ്യശാസ്ത്രവുമായി കടന്നുവന്ന അബ്ദുല്ല ഡോക്ടറുടെ വിയോഗം ജില്ലയുടെ ആതുര സേവന രംഗത്തെ വലിയ നഷ്ടമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.