മാനന്തവാടി: ജില്ലയില്‍ 1977ന് ശേഷം വനഭൂമി കൈയേറിയ ആയിരത്തിലധികം വരുന്ന കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി നോര്‍ത് വയനാട് ഡിവിഷനില്‍ 572 കുടുംബം കുടിയിറക്ക് ഭീഷണിയില്‍. ഇവര്‍ക്ക് നോട്ടീസ് അയക്കാനുള്ള പ്രാരംഭ നടപടികള്‍ വനം വകുപ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ നാലിന് സംസ്ഥാനത്തെ വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായി ഹൈകോടതിയില്‍നിന്ന് ലഭിച്ച അനുകൂലവിധിയുടെ അടിസ്ഥാനത്തിലാണ് നീക്കങ്ങള്‍. ഒക്ടോബര്‍ 17 മുതല്‍ നോട്ടീസുകള്‍ അയച്ചുതുടങ്ങും. എന്നാല്‍, സംയുക്ത പരിശോധന നടത്തി പട്ടയമുള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയ അമ്പുകുത്തിയിലെ 112ഓളം കുടുംബങ്ങളെ നോട്ടീസ് നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നോര്‍ത് വയനാട് ഡിവിഷവില്‍ കൈയേറിയ 340 ഹെക്ടര്‍ വനഭൂമിയില്‍ 80 ഹെക്ടറോളം ഭൂമി വനാവകാശ നിയമപ്രകാരം ഗോദാവരി കോളനിയുള്‍പ്പെടെ ആദിവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കും കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കുകയില്ല. 2012 മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കീഴിലുള്ള ആദിവാസി സംഘടനകള്‍ ഭൂമികൈയേറി കുടില്‍ കെട്ടിയിട്ടുണ്ട്. ഇവരെയെല്ലാം ഒഴിപ്പിക്കാനാണ് തീരുമാനം. മൂന്ന് വിഭാഗമായി തിരിച്ചാണ് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ ജനറല്‍ വിഭാഗക്കാരെയാണ് ഒഴിപ്പിക്കുക. മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന ജില്ലയില്‍ 1977ന് ശേഷം കൈയേറിയ ഭൂമിയുടെ അളവ് 1142 ഹെക്ടറായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇ.എഫ്.എല്‍, നിക്ഷിപ്ത വിഭാഗങ്ങളില്‍പ്പെട്ടതാണ് ഈ ഭൂമികളത്രയും. ഇതില്‍ നോര്‍ത് വയനാട് ഡിവിഷനില്‍ 340 ഹെക്ടും സൗത് വയനാട് ഡിവിഷനില്‍ 802 ഹെക്ടറും ഭൂമിയാണ് കൈയേറിയിട്ടുള്ളത്. വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ കൈയേറ്റങ്ങള്‍ കണ്ടത്തെിയിട്ടില്ല. ഭൂമി കൈയേറിയവരോട് പതിനഞ്ച് ദിവസത്തിനകം ഭൂമി ഒഴിയാനാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കും. ഒഴിയാന്‍ തയാറാവാത്ത പക്ഷം തുടര്‍ന്ന് നിയമനടപടികളിലേക്ക് നീങ്ങും. എന്നാല്‍, സൗത് വയനാട് ഡിവിഷനില്‍ മുഴുവന്‍ കൈയേറ്റക്കാര്‍ക്കും ഒരുമിച്ച് നോട്ടീസ് നല്‍കാനാണ് നീക്കം. ഹൈകോടതി നോട്ടീസ് നല്‍കാന്‍ ആവശ്യപ്പെട്ട് സമയം കഴിഞ്ഞമാസം മുപ്പതായിരുന്നു. എന്നാല്‍, ഒരാഴ്ച മുമ്പ് ഹൈകോടതി അഡ്വക്കറ്റ് ജനറലിന് മുമ്പാകെ നടത്തിയ ഡി.എഫ്.ഒമാരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് അന്തിമരൂപമായത്. ജില്ലയില്‍ വന്‍കിട കൈയേറ്റങ്ങളൊന്നും തന്നെയില്ലാത്ത സാഹചര്യത്തില്‍ ചെറുകിടക്കാരും കൈയേറിയ സ്ഥലത്ത് വീട് നിര്‍മിച്ചു താമസിക്കുന്നവരുമായ കുടുംബങ്ങളെ ഏത് വിധത്തില്‍ ഒഴിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന കൃത്യമായ ധാരണയില്ലാതെയാണ് വനം വകുപ്പ് ഒഴിപ്പിക്കലിനായി രംഗത്തത്തെുന്നത്. പതിറ്റാണ്ടുകളായി കൈവശം വെച്ച് അനുഭവിച്ച് വരുന്ന ഭൂമിയില്‍നിന്ന് ഇറങ്ങേണ്ടി വരുന്ന അവസ്ഥ വരുമ്പോഴും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നതിനെതിരെ ഇരകളാകുന്ന കുടുംബങ്ങള്‍ കടുത്ത പ്രതിഷേധമുയര്‍ത്താനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.