കല്‍പറ്റ: കാലവര്‍ഷം വരവറിയിച്ചതോടെ കല്‍പറ്റ ടൗണ്‍ ഇരുട്ടിലേക്ക്. നഗരത്തില്‍ ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും തെരുവുവിളക്കുകളും കണ്ണടച്ചതോടെയാണ് ജനം ഇരുട്ടില്‍ തപ്പിത്തടയേണ്ട ഗതികേടിലായത്. സാമൂഹിക വിരുദ്ധര്‍ക്കും ലഹരിമരുന്ന് ഇടപാടുകാര്‍ക്കും ഇരുട്ട് സൗകര്യവുമാവും. ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും അനന്തവീര തിയറ്ററിനു സമീപമുള്ള ബസ്സ്റ്റോപ്പിലെ ലൈറ്റുകളും കത്തുന്നില്ല. ബസ്സ്റ്റോപ്പില്‍ സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാര്‍ക്ക് ഇരുട്ട് ദുരിതമാവുകയാണ്. സന്ധ്യയാകുന്നതോടെ ടൗണിലെ പ്രധാന സ്ഥലങ്ങള്‍ ഇരുട്ടിലമരുകയാണ്. കച്ചവടസ്ഥാപനങ്ങളില്‍നിന്നുള്ള വെളിച്ചമാണ് രാത്രി എട്ടരവരെ യാത്രക്കാര്‍ക്ക് ആശ്വാസം. കടകള്‍ അടക്കുന്നതോടെ ടൗണ്‍ സമ്പൂര്‍ണമായി ഇരുട്ടിലാകും. കൈനാട്ടി ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും കണ്ണടച്ചു. ‘കൈനാട്ടിയെ ഇരുട്ടില്‍നിന്നു രക്ഷിക്കൂ’ എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കൈനാട്ടി ജങ്ഷനില്‍ യാത്രക്കാര്‍ ഇരുട്ടത്താണ് ബസ് കാത്തുനില്‍ക്കുന്നത്. ടൗണില്‍ പള്ളിത്താഴെ റോഡിലുള്ള പല തെരുവുവിളക്കുകളും കത്തുന്നില്ല. കല്‍പറ്റ എച്ച്.ഐ.എം യു.പി സ്കൂളിനു മുന്നില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചിരിക്കുകയാണ്. ഇവിടെയുള്ള ഇടവഴി സാമൂഹികവിരുദ്ധരുടെ താവളമാണിപ്പോള്‍. ഗുണനിലവാരമില്ലാത്ത ബള്‍ബുകള്‍ സ്ഥാപിച്ചതാണ് ഇവ പെട്ടെന്ന് കേടാകാന്‍ കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. ലൈറ്റ് കേടായാല്‍ മാറ്റിസ്ഥാപിക്കാന്‍ കരാറില്‍ വ്യവസ്ഥ ഉണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ മുനിസിപ്പാലിറ്റി ശ്രമിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ച ലൈറ്റുകളെല്ലാം പെട്ടെന്ന് കണ്ണടച്ചു. ഹൈമാസ്റ്റ് ലൈറ്റിനു പിന്നിലും ലക്ഷങ്ങളുടെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേടായ ലൈറ്റുകള്‍ കത്തിക്കാന്‍ നടപടി എടുക്കാന്‍ മടിക്കുന്നതിനിടെ വൈദ്യുതിബന്ധം ഓഫാക്കാന്‍ സംവിധാനമില്ലാത്തത് അപകടഭീഷണിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.