പ്ളസ് വണ്‍ പ്രവേശം: ജില്ലയില്‍ ഏറെപ്പേര്‍ പുറത്താകും

കല്‍പറ്റ: ജില്ലയില്‍ മതിയായ സീറ്റുകളുടെ അഭാവം കാരണം പ്ളസ് വണ്‍ പ്രവേശം ആഗ്രഹിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പടിക്ക് പുറത്താകും. ആദിവാസി വിഭാഗക്കാരടക്കമുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാറിന്‍െറ നിലപാട് ജനം ഉറ്റുനോക്കുകയാണ്. ജില്ലയില്‍ അഞ്ച് അണ്‍എയ്ഡഡ് സ്കൂളുകളടക്കം 61 സ്കൂളുകളിലായി 78 സയന്‍സ്, 45 ഹ്യുമാനിറ്റീസ്, 51 കോമേഴ്സ് ബാച്ചുകളാണുള്ളത്. മൊത്തം 8608 സീറ്റുകളാണ് ജില്ലയിലുള്ളത്. വി.എച്ച്.എസ്.ഇ, ടെക്നിക്കല്‍ കോഴ്സുകളിലായി 840 സീറ്റുകളുമുണ്ടാകും. എന്നാല്‍ 11,714 സീറ്റുകള്‍ വേണ്ട ജില്ലയില്‍ മൂവായിരത്തോളം അപേക്ഷകര്‍ക്ക് സീറ്റില്ലാത്ത അവസ്ഥയാണ്. ജില്ലയില്‍ എസ്.ടി വിഭാഗക്കാര്‍ക്ക് ആകെ എട്ടു ശതമാനം സംവരണമാണുള്ളത്. അതേസമയം, എസ്.സി വിഭാഗക്കാര്‍ക്ക് 12 ശതമാനം സംവരണമുണ്ട്. വയനാട്ടില്‍ എസ്.സി സീറ്റുകള്‍ ഏറെയും ഒഴിഞ്ഞുകിടക്കുമ്പോള്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ സീറ്റുകിട്ടാതെ നെട്ടോട്ടമോടുന്ന അവസ്ഥയാണ്. എസ്.സി വിഭാഗത്തില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സിന് ചേരാനുള്ളവര്‍ 554 പേരേ ഉള്ളൂ. അതേസമയം, പട്ടികവര്‍ഗക്കാരില്‍ 1596 പേരാണ് പ്രവേശം കാത്തിരിക്കുന്നത്. ഇതില്‍ ഏകദേശം 700 പേര്‍ക്കു മാത്രമാണ് പ്രവേശം ലഭിക്കുക. കുറേ പേര്‍ക്ക് ഓപണ്‍ മെറിറ്റില്‍ പ്രവേശം കിട്ടിയാലും ബാക്കിയുള്ള ഒരുപാട് ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ പുറത്താകുന്നത് കൊഴിഞ്ഞുപോക്കിന് ആക്കംകൂട്ടും. അവരവരുടെ പ്രദേശങ്ങളില്‍ സീറ്റ് കിട്ടാത്തതും ഏറെപ്പേരെ ദോഷകരമായി ബാധിക്കും. ഇങ്ങനെ പ്രവേശം ലഭിക്കുന്ന ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ സ്കൂളിലത്തൊനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പരാധീനതകളും കാരണം പഠനം ഇടക്കുവെച്ച് നിര്‍ത്തുന്നത് പതിവാണ്. കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ പ്രവേശം ആഗ്രഹിക്കുന്ന പല ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സയന്‍സില്‍ ചേരേണ്ടിവരുന്നുണ്ട്. ഇങ്ങനെ സയന്‍സ് വിഭാഗത്തില്‍ എത്തിച്ചേരുന്ന ആദിവാസി വിദ്യാര്‍ഥികള്‍ ഇതുമായി പൊരുത്തപ്പെടാനാകാതെ പഠനം അവസാനിപ്പിക്കുന്നു. ഏറെ ഗോത്രവര്‍ഗക്കാര്‍ പഠിക്കുന്ന കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പോലെയുള്ള വിദ്യാലയങ്ങളില്‍ ഈരീതിയില്‍ കൊഴിഞ്ഞുപോകുന്നവര്‍ നിരവധിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മതിയായ മാര്‍ഗനിര്‍ദേശത്തിന്‍െറ അഭാവവും ഇവരെ കുഴക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ്, ട്രൈബല്‍ വയനാട് എന്നിവയുടെ സഹകരണത്തോടെ ഹയര്‍ സെക്കന്‍ഡറി ഏകജാലക ഓണ്‍ലൈന്‍ സൗജന്യ രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയത് ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഇക്കുറി ഏറെ സഹായകമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.