വാടോച്ചാല്‍ മില്ലിന് അവഗണന; സര്‍ക്കാറിന്‍െറ ലക്ഷങ്ങള്‍ പാഴാകുന്നു

പനമരം: സുഗന്ധവിള നെല്‍കൃഷി പ്രോത്സാഹനത്തിന്‍െറ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിയ വാടോച്ചാല്‍ മില്ലിന് ശാപമോക്ഷമില്ല. കൃഷിവകുപ്പ് അധികാരികളുടെ അനാസ്ഥയാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ബസുമതി, ഗന്ധകശാല, ജീരകശാല ഇനങ്ങളില്‍പെട്ട നെല്‍കൃഷി 30 വര്‍ഷം മുമ്പ് പനമരം പ്രദേശത്ത് വ്യാപകമായിരുന്നു. പനമരത്തെ വാടോച്ചാല്‍, മേച്ചേരി വയലുകളില്‍ ഒരുകാലത്ത് വന്‍തോതിലാണ് നെല്‍കൃഷി നടന്നിരുന്നത്. എന്നാല്‍, ഈ നെല്ല് പാകപ്പെടുത്താനുള്ള പ്രയാസം കാരണം പല കര്‍ഷകരും കൃഷി ഉപേക്ഷിച്ചു. നെല്ല് അരിയാക്കാന്‍ ഗുണ്ടല്‍പേട്ടയിലും മറ്റും പോകേണ്ട സാഹചര്യമാണ് പ്രശ്നമായത്. കര്‍ഷകരെ കൃഷിയില്‍ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് മില്ല് സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. സ്ഥലം സംഭാവന ചെയ്യാന്‍ ഒരു കര്‍ഷകന്‍ തയാറായതോടെ മറ്റ് നടപടികള്‍ വേഗത്തിലായി. പത്ത് വര്‍ഷം മുമ്പ് അഞ്ച് ലക്ഷത്തിലേറെയാണ് കെട്ടിടത്തിനായി ചെലവാക്കിയത്. കെട്ടിടം പണി കഴിഞ്ഞതോടെ എല്ലാം അവതാളത്തിലായി. വൈദ്യുതി ലഭിക്കാന്‍ ബോര്‍ഡിലേക്ക് ഒരു തുക കൃഷി വകുപ്പ് അടക്കേണ്ടതുണ്ടായിരുന്നു. ഈ തുക അടക്കാന്‍ കാലതാമസം നേരിട്ടു. കെട്ടിടം പണി കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മില്ലിന് മുമ്പില്‍ വൈദ്യുതി ലൈന്‍ എത്തിയത്. മില്ലിലേക്ക് ആവശ്യമായ യന്ത്രങ്ങള്‍ പുണെയില്‍ നിന്നാണ് എത്തിക്കേണ്ടത്. ഇക്കാര്യത്തില്‍ കൃഷി അധികൃതരുടെ സമീപനം തൃപ്തികരമായിരുന്നില്ല. അനാസ്ഥ തുടരുന്നതിനാല്‍ മില്ല് ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. മില്ല് വരുന്നതോടെ സുഗന്ധവിള നെല്‍കൃഷി വ്യാപകമാകുമെന്ന ചിന്തയാണ് സ്ഥലം സംഭാവന ചെയ്യാന്‍ വാടോച്ചാല്‍ രാമകൃഷ്ണഗൗഡറെ പ്രേരിപ്പിച്ചത്. ഉ ദ്ദേശിച്ച ഫലം ലഭിക്കാതെ വന്നതോടെ രാമകൃഷ്ണഗൗഡര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മില്ല് പ്രവര്‍ത്തനമാരംഭിക്കാത്ത പക്ഷം സ്ഥലം തിരിച്ചുകിട്ടണമെന്നാണ് അദേഹത്തിന്‍െറ ആവശ്യം. എന്നിട്ടും കൃഷി അധികൃതര്‍ക്ക് ഒരു മനംമാറ്റവുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.