ജില്ലയില്‍ സ്ത്രീകളുടെ ബാങ്ക് നിക്ഷേപം 136 കോടി

കല്‍പറ്റ: ജില്ലയില്‍ കുടുംബശ്രീ വഴി വിവിധയിടങ്ങളിലെ സ്ത്രീകള്‍ ബാങ്കില്‍ നിക്ഷേപിച്ച തുക 136 കോടി രൂപ. ജില്ലയിലെ 117 ദേശസാല്‍കൃത ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകള്‍ തുടങ്ങി 179 ബാങ്കുകളിലുമായാണ് ഇത്രയും നിക്ഷേപമുള്ളതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ് അറിയിച്ചു. ഗ്രാമീണ മേഖലയില്‍ 136,33,36,985 രൂപയും നഗരപ്രദേശങ്ങളില്‍ 2,94,80,278 രൂപയുമാണ് അംഗങ്ങള്‍ നിക്ഷേപിച്ചിട്ടുള്ളത്. നാലു വര്‍ഷം മുമ്പ് 92 കോടി രൂപയായിരുന്നു നിക്ഷേപം. സംഘകൃഷി ഗ്രൂപ്പുകള്‍, ചെറുകിട സംരംഭങ്ങള്‍, വിവിധ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയവയിലൂടെ വരുമാനം ഉയര്‍ന്നതോടെ വരിസംഖ്യയിലും വര്‍ധനയുണ്ടായി. അയല്‍ക്കൂട്ടങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കൂടാതെ, ഗോത്രമേഖലയിലെ സമ്പൂര്‍ണ അയല്‍ക്കൂട്ട രൂപവത്കരണവും നിക്ഷേപമുയരാന്‍ കാരണമായി. 2011ല്‍ 6300 അയല്‍ക്കൂട്ടങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 10,350 ആയി ഉയര്‍ന്നു. ഒരു പ്രദേശത്തെ 10 മുതല്‍ 20 വരെ സ്ത്രീകള്‍ ചേര്‍ന്നാണ് അയല്‍ക്കൂട്ടം രൂപവത്കരിക്കുന്നത്. അംഗങ്ങള്‍ തീരുമാനിക്കുന്ന നിശ്ചിത തുക ആഴ്ചതോറും യോഗം ചേര്‍ന്ന് പിരിച്ചെടുത്ത് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇതില്‍നിന്ന് അംഗങ്ങള്‍ക്ക് വായ്പയെടുക്കാനും സൗകര്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.