മാനന്തവാടി: ജില്ലാ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങിയിട്ട് 11 വര്‍ഷം കഴിഞ്ഞു. ഇപ്പോഴും ആശുപത്രിയില്‍ കിടക്കകള്‍ 274 തന്നെ. കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ ആരോഗ്യമന്ത്രിയായിരിക്കെ 3156/2005 നമ്പര്‍പ്രകാരം 4.11.2005ന് അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി ബിശ്വാസ് മത്തേയാണ് 500 കിടക്കകളായി ഉയര്‍ത്തി ഉത്തരവിട്ടത്. ദിനംപ്രതി 475-500നും ഇടയില്‍ രോഗികളെ ഇവിടെ അഡ്മിറ്റ് ചെയ്യുന്നുണ്ടെന്നും അതുകൊണ്ടുതന്നെ കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തുടര്‍ന്നുവന്ന ഇടതുവലതു സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ചെറിയ നടപടികള്‍ പോലും കൈക്കൊണ്ടില്ല. ഇതാണ് ജില്ലാ ആശുപത്രിക്ക് മോക്ഷം ലഭിക്കാതിരിക്കാന്‍ കാരണം. നിലവില്‍ ഒരു കിടക്കയില്‍ മൂന്നും നാലും രോഗികളാണ് കിടക്കുന്നത്. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാവശ്യമായ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. മെഡിക്കല്‍ കോളജിനായി മുറവിളികൂട്ടുന്നവര്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ താല്‍പര്യംകാണിച്ചിരുന്നെങ്കില്‍ ജില്ലയില്‍ ആദിവാസികളും നിരാലംബരുമായ നിരവധി പേര്‍ക്ക് അനുഗ്രഹമാകുമായിരുന്നു. ഈ സര്‍ക്കാറിന്‍െറ കാലാവധി തീരാന്‍ മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഉത്തരവ് നടപ്പാക്കാന്‍ മന്ത്രി പി.കെ. ജയലക്ഷ്മി മുന്‍കൈയെടുക്കണമെന്നാവശ്യം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുകഴിഞ്ഞു. 1974ല്‍ താലൂക്കാശുപത്രിയായി പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രി 1980ലാണ് ജില്ല രൂപവത്കരിക്കപ്പെട്ടപ്പോള്‍ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയത്. എന്നാല്‍, ഭൗതിക സൗകര്യങ്ങളൊരുക്കാന്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ ഒന്നും ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.