ശ്രീചിത്തിര മെഡിക്കല്‍ സെന്‍ററിന് സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍നിര്‍ദേശം

മാനന്തവാടി: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് വയനാട്ടില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ശ്രീചിത്തിര മെഡിക്കല്‍ യൂനിറ്റിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍നിര്‍ദേശം. എത്രയുംപെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അഡ്വ. ജനറലിന്‍െറ നിയമോപദേശ പ്രകാരമാണ് നടപടി. ഇതനുസരിച്ച് സ്ഥലമുടമകള്‍ ഹൈകോടതിയില്‍ നല്‍കിയ കേസ് സ്വമേധയാ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. കോടതി നിര്‍ദേശപ്രകാരം കെട്ടിവെച്ച 1.92 കോടി രൂപ അവകാശികള്‍ക്ക് നല്‍കും. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ബോയ്സ് ടൗണിലെ ഗ്ളന്‍ലെവന്‍ എസ്റ്റേറ്റിന്‍െറ കൈവശമുള്ള 50 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്ഥലം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന് കൈമാറുന്ന മുറക്ക് 20 കിടക്കകളുള്ള ആദ്യഘട്ട ആശുപത്രിയുടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കും. ഇതിനായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നബാര്‍ഡ് ധനസഹായത്തോടെ മറ്റു വികസനപ്രവര്‍ത്തനങ്ങളും ആരംഭിക്കും. പ്രസ്തുത സ്ഥലം അനുയോജ്യമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് വനം, റവന്യൂ, പൊതുമരാമത്ത് സംയുക്ത സര്‍വേകള്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് സ്ഥലത്തിന്‍െറ അവകാശികള്‍ ഹൈകോടതിയെ സമീപിച്ചത്. ഇതോടെ സ്ഥലമെടുപ്പ് നടപടികള്‍ അനിശ്ചിതത്വത്തിലായി. ഇതിനിടയില്‍ നഷ്ടപരിഹാരം ലഭിച്ചാല്‍ കേസ് പിന്‍വലിക്കാമെന്ന നിലപാടില്‍ അവകാശികള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ റവന്യൂ കണക്കാക്കിയ വില ബാങ്കില്‍ നിക്ഷേപിക്കാന്‍ കോടതി നിര്‍ദേശംനല്‍കി. രണ്ടുമാസം മുമ്പ് 1.926 കോടി രൂപ ബാങ്കില്‍ ജില്ലാ കലക്ടര്‍ കെട്ടിവെക്കുകയും ചെയ്തു. ആശുപത്രിയുടെ തറക്കല്ലിടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം, ഐ.എം.ആര്‍.ഡി, ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് തീരുമാനിക്കും. ഇതിനായി ഡല്‍ഹിയില്‍വെച്ച് ഉടന്‍ യോഗം ചേരുന്നതിനാവശ്യമായ നടപടി സ്വീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പിലെ ഉന്നതര്‍ അറിയിച്ചു. 2009ലാണ് സെന്‍റര്‍ വയനാടിന് അനുവദിച്ചത്. സ്ഥലമേറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് എട്ടു വര്‍ഷമായി സ്ഥാപനം യാഥാര്‍ഥ്യമാകാതിരിക്കാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.