വയനാട് റെയില്‍വേ: ആശയക്കുഴപ്പം ബാക്കി

പദ്ധതിക്കായി ഫണ്ടനുവദിച്ചിട്ടുണ്ടെന്നും ഇല്ളെന്നും വാദം സുല്‍ത്താന്‍ ബത്തേരി: ജില്ല ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതക്ക് അനുമതി ലഭിച്ചിട്ടും ആശയക്കുഴപ്പം ബാക്കിയാവുന്നു. ഇതിനായി ബജറ്റില്‍ ഫണ്ടനുവദിച്ചിട്ടില്ളെങ്കിലും കമ്പനി രൂപവത്കരിച്ച് ബജറ്റിതര ഫണ്ടില്‍നിന്ന് പദ്ധതി നടപ്പാക്കുമെന്നാണ് ദേശീയപാത ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി അടക്കമുള്ള ചിലര്‍ പറയുന്നത്. ഇതിനുവേണ്ടി കമ്പനി രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ഇതിനായി കേന്ദ്രവുമായി ധാരണപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് രൂപവത്കരിക്കുന്ന കമ്പനിക്ക് പൊതു-സ്വകാര്യമേഖലാ പങ്കാളിത്തവുമുണ്ടാകുമെന്നും എല്‍.ഐ.സിയില്‍നിന്ന് ഈ വര്‍ഷം റെയില്‍വേ പദ്ധതികള്‍ക്കായി 18,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നുമാണ് ഇവരുടെ വാദം. അതേസമയം, ഈ ബജറ്റിലും വയനാടിന്‍െറ റെയില്‍വേ സ്വപ്നങ്ങള്‍ വിദൂരമാണെന്നു തന്നെയാണ് മറ്റൊരു വാദം. ഫണ്ടനുവദിക്കാതെ പദ്ധതി എങ്ങനെ യാഥാര്‍ഥ്യമാകുമെന്നതാണ് ചോദ്യം. ബജറ്റില്‍ പ്രഖ്യാപനം വന്നതോടെ ജില്ലയില്‍ റെയില്‍വേയെ കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്. വയനാടിനെ വീണ്ടും വഞ്ചിച്ചു –സി.പി.എം കല്‍പറ്റ: വയനാടന്‍ ജനതയുടെ ദീര്‍ഘകാല ആവശ്യമായ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വീണ്ടും വഞ്ചിച്ചെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 236 കി.മീറ്റര്‍ നീളം വരുന്ന പാതക്ക് 6000 കോടി രൂപ ചെലവ് വരുമെന്നും ഈ തുക ഇ.ബി.ആര്‍ വഴി കണ്ടത്തെണമെന്നുമാണ് ബജറ്റില്‍ പറയുന്നത്. റെയില്‍വേ ബജറ്റില്‍ ഒരു രൂപപോലും നീക്കിവെക്കാനുള്ള ആര്‍ജവം കാട്ടിയില്ല. തുക അനുവദിക്കാതെ നടത്തുന്ന ഈ നീക്കം സ്വകാര്യ ഏജന്‍സികള്‍ക്ക് ലാഭമുണ്ടാക്കുനുള്ള ബോധപൂര്‍വമായ ശ്രമമാണ്. റെയില്‍വേയുടെ കാര്യത്തില്‍ ദീര്‍ഘകാലം കോണ്‍ഗ്രസ് സര്‍ക്കാര്‍ വയനാടന്‍ ജനതയെ പറഞ്ഞുപറ്റിച്ചു. ഇതേ നിലപാടുതന്നെയാണ് ബി.ജെ.പി സര്‍ക്കാറും പിന്തുടരുന്നതെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. ഈ പ്രഖ്യാപനത്തിന്‍െറ പൊള്ളത്തരം സി.പി.എം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കും. വിഷയത്തില്‍ ആത്മാര്‍ഥമായ ഒരു സമീപനവും സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ല. 2004ലാണ് നഞ്ചന്‍കോട്-വയനാട് റെയില്‍പാതയുടെ ആദ്യ സര്‍വേ നടന്നത്. 2008ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വിജയകുമാറും കേന്ദ്ര റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവുമായി ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ ഈ പദ്ധതി 2009 ജൂണില്‍ ആസൂത്രണ കമീഷന്‍ അംഗീകരിച്ചു. എന്നാല്‍, തുടര്‍ന്നുവന്ന ബജറ്റുകളിലൊന്നും ഈ പാതക്ക് പണം വകയിരുത്തിയില്ല. ഇതിന്‍െറ ദുരന്തഫലമാണ് ഇപ്പോഴും വയനാട്ടുകാര്‍ അനുഭവിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രഖ്യാപനം നാടകം –കേരളാ കോണ്‍ഗ്രസ്-എം കല്‍പറ്റ: റെയില്‍വേ ബജറ്റില്‍ ഒരു രൂപപോലും വെക്കാതെ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത അനുവദിച്ചുവെന്ന മന്ത്രിയുടെ പ്രഖ്യാപനം നാടകമാണെന്ന് കേരളാ കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി ആരോപിച്ചു. മുമ്പ് തുടങ്ങിവെച്ച സര്‍വേയില്‍ ലാലുപ്രസാദ് മന്ത്രിയായിരിക്കുമ്പോള്‍ 2009ല്‍ പ്ളാനിങ് കമീഷനില്‍ പരിഗണിച്ചതുമായ പാതയാണിത്. എന്നാല്‍, പുതിയ പാതയായി വിശേഷിപ്പിച്ച് 6000 കോടി ചെലവു വരുമെന്ന് പറയുകയാണ് ബജറ്റില്‍. ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. റെയില്‍പാതക്കെതിരെ ബംഗളൂരു ലോബി സുല്‍ത്താന്‍ ബത്തേരി: നിര്‍ദിഷ്ട റെയില്‍പാത ബന്ദിപുര്‍ കടുവാസങ്കേതത്തിന്‍െറ സംരക്ഷണത്തിനും പരിസ്ഥിതിക്കും ആഘാതമാവുമെന്ന വാദവുമായി ഒരുവിഭാഗം ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തി. കടുവാസങ്കേതത്തിലൂടെ 10.2 കി.മീ ദൂരത്തില്‍ റെയില്‍പാത നിര്‍മിക്കുന്നതിനെതിരെയാണ് നീക്കം. ബന്ദിപുര്‍ കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 212ല്‍ രാത്രിയാത്രാ നിരോധം ഏര്‍പ്പെടുത്താനും അത് തുടരാനും പിന്നില്‍ കളിച്ചവര്‍തന്നെയാണ് റെയില്‍പാതക്കെതിരെയും രംഗത്തുവരുന്നതെന്നാണ് ആരോപണം. പാരിസ്ഥിതിക പ്രത്യാഘാതം ചൂണ്ടിക്കാട്ടി ഇത്തരം പദ്ധതികള്‍ റെയില്‍വേ ബോര്‍ഡ് മുമ്പും നിരാകരിച്ചിട്ടുണ്ടെന്നാണ് ഇവരുടെ വാദം. ദേശീയ വന്യജീവി ആക്ഷന്‍ പ്ളാന്‍ ഉപരിതല ഗതാഗതവകുപ്പ് മന്ത്രാലയത്തിന് നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് നിരക്കാത്തതാണ് കടുവാസങ്കേതത്തിലൂടെയുള്ള റെയില്‍പാത നിര്‍മാണമെന്നും ഇവര്‍ വാദിക്കുന്നു. നഞ്ചന്‍കോട്ടുനിന്ന് ബത്തേരിയിലേക്കുള്ള 75 കി.മീ പാതയില്‍ 10.2 കി.മീ ദൂരമാണ് കടുവാസങ്കേതത്തില്‍ ഉള്‍പ്പെടുന്നത്. അതേസമയം, മണ്ണിനടിയില്‍ ടണല്‍ നിര്‍മിച്ച് വന്യജീവി സങ്കേതത്തിന് ഒരു പ്രത്യാഘാതവും ഉണ്ടാകാത്ത രൂപത്തിലാണ് ഈ മേഖലയില്‍ റെയില്‍പാത നിര്‍മിക്കുകയെന്ന് മൈസൂരു റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ രാജ്കുമാര്‍ ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. അവ്യക്തതകളില്ളെന്ന് ആക്ഷന്‍ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍-നഞ്ചന്‍കോട് പാതക്ക് ബജറ്റില്‍ ഫണ്ടനുവദിച്ചിട്ടില്ളെന്നും പാതക്കുള്ള അനുമതിമാത്രമാണെന്നുമുള്ള ആക്ഷേപങ്ങളില്‍ കഴമ്പില്ളെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മനസ്സിലാക്കാത്തതുകൊണ്ട് മാത്രമാണ് ഇത്. ഡോ. ഇ. ശ്രീധരന്‍െറ നേതൃത്വത്തില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതക്കുവേണ്ടി കമ്പനി രൂപവത്കരിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ. മത്തായി, ഫാ. ടോണി കോഴിമണ്ണില്‍, ജോസ് കപ്യാര്‍മല, ഒ.കെ. മുഹമ്മദ്, ജോയിച്ചന്‍ വര്‍ഗീസ്, നാസര്‍ കാസിം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.